മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയ സംഭവം: തമിഴ്നാട് ഗവർണർ ക്ഷമാപണം നടത്തി

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്.

ചെന്നൈ∙ വാർത്താസമ്മേളനത്തിനു ശേഷം മടങ്ങവേ മാധ്യമപ്രവർത്തകയുടെ കവിൽ തലോടിയ സംഭവത്തിൽ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ക്ഷമാപണം നടത്തി. ഡിഗ്രിക്ക് സെക്സ്’ കേസിൽ തന്ന ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ തള്ളാൻ നടത്തിയ വാർത്താസമ്മേളനത്തിനിടെ ഗവർണറുടെ നടപടി വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. 

വാർത്താസമ്മേളനം കഴിഞ്ഞു തിരികെ പോകുന്നതിനിടെയാണ്  ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയത്. ‘ദ് വീക്ക്’ വാരിക സ്പെഷൽ കറസ്പോണ്ടന്റ് ലക്ഷ്മി സുബ്രഹ്മണ്യത്തിനായിരുന്നു എഴുപത്തെട്ടുകാരനായ ഗവർണറുടെ ‘തലോടൽ’. ഇതിനെതിരെ ലക്ഷ്മിയുൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു.

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ കവിളിൽ തലോടുന്നു. ചിത്രം: ട്വിറ്റർ

ലക്ഷ്മി സുബ്രഹ്മണ്യത്തിന്റെ പ്രതികരണം വായിക്കാം

‘‘വാർത്താസമ്മേളനം അവസാനിക്കുമ്പോഴും ഞാൻ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം മറുപടിയായി അനുമതിയില്ലാതെ എന്നെ തലോടിയത്. എന്റെ രക്ഷാധികാരിയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തനിക്കുനേരെയുയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ തള്ളി നിമിഷങ്ങൾക്കുള്ളിലാണ് ഗവർണർ ഇതു ചെയ്തത്. ഈ പെരുമാറ്റം തൊഴിൽപരമല്ല, പ്രത്യേകിച്ചും വനിതകളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ അപരിചിതരായവർ സ്പർശിക്കരുത്.’’ – ലക്ഷ്മി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു.

‘‘പലതവണ മുഖം കഴുകി, ഇപ്പോഴും ആ തലോടലിന്റെ ആഘാതം മുഖത്തുനിന്നു പോയിട്ടില്ല. മിസ്റ്റർ ഗവർണർ ബൻവാരിലാൽ പുരോഹിത്, ഭയങ്കര ദേഷ്യവും ക്ഷോഭവും തോന്നുന്നു. താങ്കൾക്കു ചിലപ്പോൾ ആ തലോടൽ അഭിനന്ദനത്തിന്റെയും പിതാമഹന്‍മാരുടെ പെരുമാറ്റം പോലെയുമാകാം തോന്നിയിട്ടുണ്ടാകുക. എന്നാൽ എനിക്കു താങ്കളുടെ പെരുമാറ്റം തെറ്റായാണ് അനുഭവപ്പെട്ടത്.’’– ലക്ഷ്മി ട്വീറ്റ് ചെയ്തു.

അതേസമയം, സംഭവത്തെ അപലപിച്ച് ഡിഎംകെ രംഗത്തെത്തി. ഭരണഘടനാപദവി വഹിക്കുന്ന ഒരാൾ ഒരിക്കലും നടത്തരുതാത്ത പ്രവൃത്തിയാണിതെന്ന് ഡിഎംകെ പ്രതികരിച്ചു. ഡിഎംകെയുടെ രാജ്യസഭാ എംപി കനിമൊഴിയും വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും സംഭവത്തെ അപലപിച്ചു രംഗത്തെത്തി.

മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്കു വഴങ്ങിക്കൊടുക്കാൻ വിദ്യാർഥിനികളോടു വിരുദുനഗർ ദേവംഗ ആർട്സ് കോളജിലെ പ്രഫസർ നിർമലദേവി ആവശ്യപ്പെട്ടതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഈ സംഭവവും. വിദ്യാർഥിനികളുമായുള്ള നിർമലയുടെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

‘‘സുവർണാവസരം പാഴാക്കരുത്, നിങ്ങൾ തയാറാണെങ്കിൽ സർവകലാശാല നിങ്ങളെ ഏറ്റെടുക്കും. പണം ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപിക്കും. ഗവർണർ വന്നപ്പോൾ ഞാൻ ഇടപഴകിയതു ശ്രദ്ധിച്ചില്ലേ? എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. അതിന്റെ വിഡിയോ അയച്ചുതരാം.’’- നിർമല വിഡിയോയിൽ പറയുന്നു. ഇതിനു വിശദീകരണമാണ് ഗവർണർ വാർത്താസമ്മേളനത്തിൽ നൽകിയത്.