ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ആരോപണം നേരിടുന്ന മജിസ്ട്രേട്ടിനു സ്ഥലം മാറ്റം

കൊച്ചി∙ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത് മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ആരോപണം നേരിടുന്ന പറവൂരിലെ മജിസ്ട്രേട്ട് (മൂന്ന്) എം.സ്മിതയെ ഞാറയ്ക്കലേക്കു സ്ഥലം മാറ്റി. അവിടുത്തെ മജിസ്ട്രേട്ട് രാമു രമേഷ് ചന്ദ്രഭാനുവിനാണു പറവൂർ മജിസ്ട്രേട്ട് മൂന്നാം കോടതിയുടെ ചുമതല. ഇവർ രണ്ടുപേരും നേരത്തെ ആവശ്യപ്പെട്ട പരസ്പര സ്ഥലംമാറ്റം അംഗീകരിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം.

സംഭവത്തിൽ ശ്രീജിത്തിനെ റിമാൻഡു ചെയ്യാൻ ഹാജരാക്കിയപ്പോൾ മജിസ്ട്രേട്ട് പിറ്റേന്നു കൊണ്ടുവരാൻ നിർദേശിച്ചെന്നും ഈ വീഴ്ച കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിനു പൊലീസ് റിപ്പോ‍ർട്ട് നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ 24 മണിക്കൂറിനകം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കണമെന്നാണു നിയമം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആറിനു രാത്രി പത്തരയോടെയാണ്. ഏഴിന് രണ്ടരയോടെ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തി. വൈകിട്ട് മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കാനായിരുന്നു തീരുമാനമെന്നു പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനായി അഞ്ചോടെ കോടതിയിലെത്തിച്ചെങ്കിലും മജിസ്ട്രേറ്റ് വീട്ടിലാണെന്നു വിവരം കിട്ടി. വീടിനു മുൻപിലെത്തിയശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അനുവാദം ചോദിക്കാൻ അകത്തേക്കു പറഞ്ഞുവിട്ടെങ്കിലും പിറ്റേന്നു രാവിലെ കൊണ്ടുവരാനായിരുന്നു നിർദേശം. ഈ ആരോപണത്തിൽ ഹൈക്കോടതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.