മീറ്റർ വാടകയ്ക്ക് ജിഎസ്ടി; ഇരുട്ടടി തന്നു പിടിച്ചുപറിക്കാൻ കെഎസ്ഇബി

കെഎസ്ഇബി മീറ്ററുകൾ (ഫയൽചിത്രം).

കോട്ടയം ∙ സേവനങ്ങൾക്കുള്ള ജിഎസ്ടിക്കു പിന്നാലെ മീറ്റർ വാടകയ്ക്കും ജിഎസ്ടി ചുമത്താനുള്ള നീക്കവുമായി കെഎസ്ഇബി. ഓരോ ഗാർഹിക കണക്‌ഷൻ മീറ്ററുകൾക്കും 18 ശതമാനം ജിഎസ്ടി ചുമത്താനുള്ള നീക്കത്തിന്റെ ഭാഗമായി ബില്ലിങ് സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങി.

നിലവിൽ കെഎസ്ഇബിയുടെ സേവനങ്ങൾക്കു ജിഎസ്ടിയുണ്ട്. ഉടമസ്ഥത, മീറ്റർ, പോസ്റ്റ്, സർവീസ് വയർ, കണക്ട് ലോഡ് എന്നിവയുടെ മാറ്റം, കണക്‌ഷൻ കൊടുക്കൽ, ഇൻസ്റ്റലേഷൻ ടെസ്റ്റിങ്, താരിഫ് ചേഞ്ച് തുടങ്ങിയ 111 ഇനങ്ങൾക്ക് അഞ്ചു മുതൽ 18 ശതമാനം വരെയാണ് ജിഎസ്ടി. കൂടുതൽ ഗുണഭോക്താക്കളും സിംഗിൾ ഫേസ് മീറ്ററാണ് ഉപയോഗിക്കുന്നത്. 15 രൂപയാണു മീറ്റർ വാടക. ഇതിനൊപ്പമാണ് 18 ശതമാനം ജിഎസ്ടി ചുമത്തുന്നത്. ബില്ലിൽ മൂന്നു രൂപയുടെ വരെ വ്യത്യാസമുണ്ടാകും. എന്നാൽ വൈദ്യുതി ചാർജിൻമേൽ നികുതിയില്ല.