മക്ക മസ്ജിദ് കേസ് വിധി: ജഡ്ജിയുടെ രാജി തള്ളി ഹൈക്കോടതി

രാജിവച്ച എൻഐഎ സ്പെഷൽ കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡി

ന്യൂഡൽഹി∙ മക്ക മസ്ജിദ് സ്ഫോടനക്കേസിൽ പ്രതികളെ വെറുതെവിട്ട ശേഷം രാജിവച്ച എൻഐഎ സ്പെഷൽ കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഡിയുടെ നടപടി തള്ളി ആന്ധ്ര– തെലങ്കാന ഹൈക്കോടതി. അടിയന്തരമായി ഉത്തരവാദിത്തങ്ങളിൽ തിരികെ പ്രവേശിക്കാന്‍ ജ‍‍ഡ്ജിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. 

മക്ക മസ്‍‍ജിദ് സ്ഫോടനക്കേസിൽ തെളിവുകളുടെ അഭാവത്തിൽ സ്വാമി അസീമാനന്ദ് ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. മണിക്കൂറുകൾക്കു ശേഷം വിധി പ്രഖ്യാപിച്ച ജഡ്ജി രാജിവയ്ക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണു ജഡ്ജി നേരത്തെ വ്യക്തമാക്കിയിരുന്നത്. മുൻ ആർഎസ്എസ് അംഗവും സന്ന്യാസിയുമായ സ്വാമി അസീമാനന്ദ് ഉൾപ്പെടെ ആർക്കുെമതിരെ തെളിവുകൾ ഹാജരാക്കാൻ എൻഐഎയ്ക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. 

2007 മേയ് 18നാണ് ഹൈദരാബാദിലെ മക്ക മസ്ജിദിൽ സ്ഫോടനമുണ്ടാകുന്നത്. സംഭവത്തിൽ ഒൻപതു പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. രാജിക്കു ശേഷം രവീന്ദർ റെഡ്ഡി 15 ദിവസത്തെ അവധിയില്‍‌ പോകുകയായിരുന്നു. ചാർമിനാറിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ മക്ക മസ്‌ജിദിൽ വെള്ളിയാഴ്ച നടന്ന മധ്യാഹ്ന പ്രാർഥനയ്‌ക്കിടെ ആർഡിഎക്‌സ് ബോംബ് സ്ഫോടനമാണുണ്ടായത്. ആയിരങ്ങൾ പങ്കെടുത്ത പ്രാർഥന നടക്കുന്നതിനിടയിൽ ഒരു ടിഫിൻ ബോക്‌സിൽ ഒളിപ്പിച്ചുവച്ചിരുന്ന ബോംബാണു പൊട്ടിയത്. സെൽഫോൺ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.