ശ്രീജിത്തിന് വരാപ്പുഴ സ്റ്റേഷനിലും മർദനമേറ്റു; മരണകാരണം അടിവയറ്റിലേറ്റ ആഘാതം

കൊല്ലപ്പെട്ട ശ്രീജിത്ത്.

കൊച്ചി∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനു വരാപ്പുഴ സ്റ്റേഷനില്‍ വച്ചു മര്‍ദനമേറ്റതായി റിപ്പോർട്ട്. അടിവയറ്റിലേറ്റ ആഘാതമാണു മരണകാരണമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. ആഘാതം ഇടിയോ ചവിട്ടോ മൂലമാകാം. ഇരുമ്പു വടി പോലുളള വസ്തുക്കള്‍ക്കൊണ്ടും മര്‍ദിച്ചിട്ടുള്ളതായി ബോർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. ശ്രീജിത്തിന്റെ കാലിലെ പേശികള്‍ക്കേറ്റ ക്ഷതം ഉരുട്ടിയതു മൂലമാണെന്ന സംശയം ഉയര്‍ന്നിരുന്നു.

ശ്രീജിത്തിന്റെ അടിവയറ്റിൽ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തിൽ രക്തം കട്ടപിടിക്കുന്ന രീതിയിൽ പരുക്കേറ്റുവെന്നും ചെറുകുടൽ മുറിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിൽ മരണകാരണമായ പരുക്ക് ഏതാണ്, അതു സംഭവിച്ച സമയം, അതിനിടയാക്കിയ മർദനമുറകൾ തുടങ്ങിയവ അറിയാനാണ് മെഡിക്കൽ ബോർഡിനെ പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിൽ വിദഗ്ധരായ അഞ്ച് ഡോക്ടർമാരടങ്ങുന്ന ബോർഡാണു രൂപീകരിച്ചത്. ഈ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ, വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരും കേസില്‍ പ്രതികളാകാനുള്ള സാധ്യതയാണു തെളിഞ്ഞിരിക്കുന്നത്.

അതിനിടെ, വരാപ്പുഴ കസ്റ്റഡി കൊലപാതക്കേസില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചതില്‍ എതിര്‍പ്പുമായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ സംഘടന രംഗത്തു വന്നു. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം കൃത്യമായി കണ്ടെത്തിയിട്ടും വീണ്ടും മരണകാരണം കണ്ടെത്താനെന്ന പേരില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുന്നതു ശരിയല്ലെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രിയെക്കണ്ടു പ്രതിഷേധം അറിയിക്കുമെന്നു കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.

രോഗിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്നു കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കുന്നതു മുന്‍പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൊലപാതക കേസില്‍ മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്മോർട്ടത്തിനു പുറമേ മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കുന്നതില്‍ അപാകതയുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയാണു ചോദ്യംചെയ്യപ്പെടുന്നത്. ഈയൊരു കാരണം കൊണ്ടുതന്നെ കേസ് കോടതിയിൽ പരാജയപ്പെട്ടേക്കാം.

പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മരണകാരണം രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കു പറയാനുള്ളതിനേക്കാള്‍ കൂടുതലൊന്നും മെഡിക്കല്‍ ബോര്‍ഡിനു പറയാനാകില്ല. വയറിനേറ്റ ആഘാതമാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. ആരാണു വയറ്റില്‍ ചവിട്ടിയെന്നു കണ്ടെത്തേണ്ടത് പൊലീസാണ്, മെഡിക്കൽ ബോർഡല്ലെന്നും സൊസൈറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.