നിയമ നടപടി ശക്തമാക്കി പിഎൻബി; നീരവ് മോദിക്കായി ഹോങ്കോങ് ഹൈക്കോടതിയിൽ

നീരവ് മോദി

മുംബൈ∙ വിവാദ വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ നിയമയുദ്ധം വ്യാപിപ്പിച്ച് പിഎന്‍ബി (പഞ്ചാബ് നാഷനൽ ബാങ്ക്). നീരവ് മോദിയെ വിട്ടുകിട്ടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് ഹോങ്കോങ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പുറമെ നീരവ് മോദിക്കും അമ്മാവനായ മെഹുൽ ചോക്സിക്കും സ്വത്തുക്കളുള്ള രാജ്യങ്ങളിലെ കോടതികളെ സമീപിക്കാനാണ് പിഎന്‍ബി തീരുമാനം.

നീരവ് മോദി ഹോങ്കോങ്ങിലുണ്ടെന്നും വിട്ടുകിട്ടുന്നതിനു വേണ്ടി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ‌ ഇതു സംബന്ധിച്ചു ഹോങ്കോങ്ങിന്റെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. 1997ൽ ഇന്ത്യയും ഹോങ്കോങ്ങും ഒപ്പുവച്ചിട്ടുള്ള  കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമം അനുസരിച്ച് നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 

സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിനെ തുടർന്നാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും രാജ്യം വിട്ടത്. വിദേശകാര്യമന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടിസിനോടു പ്രതികരിക്കാതിരുന്നതിനെ തുടർന്നു ഫെബ്രുവരി അവസാനത്തോടെ ഇരുവരുടെയും പാസ്പോർട്ടും റദ്ദാക്കി. മുംബൈയിലെ സിബിഐ സ്പെഷൽ കോടതിയും ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വാറന്റിറക്കിയിട്ടുണ്ട്. 13,000 കോടി രൂപയുടെ തട്ടിപ്പാണു നീരവ് മോദിയും അമ്മാവനും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിന്റെ ബ്രാഡി ഹൗസ് ശാഖ കേന്ദ്രമാക്കി നടത്തിയത്.