കോൺഗ്രസ് ബന്ധം: വാതിലുകൾ തുറന്നു തന്നെയെന്ന് സീതാറാം യച്ചൂരി; ഐക്യം സംരക്ഷിക്കും

സീതാറാം യച്ചൂരി പാർട്ടി കോൺഗ്രസിൽ. ചിത്രം: മനോജ് ചേമഞ്ചേരി

ഹൈദരാബാദ്∙ കണ്ണിലെ കൃഷ്ണമണി പോലെ പാർട്ടിയിലെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണം നിഷ്ഫലമായി. കോൺഗ്രസുമായുള്ള നീക്കുപോക്ക് തിരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കും. വാതിലുകൾ തുറന്നു തന്നെയാണിരിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാം എന്നാണ് രാഷ്ട്രീയ പ്രമേയം പറയുന്നതെന്നും യച്ചൂരി ‘മനോരമ ന്യൂസിനോടു’ പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കുകയായിരുന്നു. 

ബിജെപിയെ അധികാരത്തിൽ നിന്നു പുറത്താക്കുകയെന്നതാണു മുഖ്യലക്ഷ്യം. അതിനു വേണ്ടി ബിജെപി വിരുദ്ധ വോട്ടുകളുടെ സമാഹരണത്തിന് ആവശ്യമായ നീക്കങ്ങളുണ്ടാകുമെന്നും യച്ചൂരി പറഞ്ഞു. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ 22–ാം പാർട്ടി കോൺഗ്രസ് യച്ചൂരിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അംഗബലം വർധിപ്പിച്ചു 95 ആക്കിയിട്ടുണ്ട്.