ലിഗയുടെ ബന്ധുക്കൾക്ക് കനത്ത അവഗണന; മുഖ്യമന്ത്രി മിണ്ടാതെ പോയി, ഡിജിപി ആക്രോശിച്ചു

ലിഗയുടെ മൃതദേഹം തിരിച്ചറിയാനെത്തിയ സഹോദരി ഇലീസും ഭർത്താവ് ആൻഡ്രൂസും (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാൻ ചെന്ന സഹോദരി ഇലീസിനും ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനും നേരിടേണ്ടി വന്നത് കനത്ത അവഗണയെന്ന് ആരോപണം. പൊലീസിനെ കൂടുതൽ പഠിപ്പിക്കേണ്ടെന്നും കൂടുതൽ പഠിപ്പിച്ചാൽ മറ്റ് മിസിങ് കേസുകൾ പോലെ ഇതിന്റെയും ഫയൽ ക്ലോസ് ചെയ്യുമെന്നും ഇലീസിനോടും ആൻഡ്രൂസിനോടും ഡിജിപി ലോക്നാഥ് ബെഹ്റ ആക്രോശിച്ചതായി ഒപ്പമുണ്ടായിരുന്നു സാമൂഹിക പ്രവർത്തക അശ്വതി ജ്വാല പറഞ്ഞു.

മുൻകൂർ അനുമതിയെടുത്ത് നിയമസഭയുടെ മുൻപിൽ മൂന്നു മണിക്കൂർ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല. ഇലീസിന്റെയും ആൻഡ്രൂസിന്റെയും മുന്നിലൂടെയാണു മുഖ്യമന്ത്രിയുടെ വാഹനം നീങ്ങിയത്. ഡിജിപിയാകട്ടെ വളരെ മോശമായിട്ടാണു പെരുമാറിയത്. ഒടുവിൽ സഹികെട്ട് ഭർത്താവ് ആൻ‍ഡ്രൂസ് ചോദിച്ചു ‘താങ്കളുടെ ഭാര്യയെയാണ് കടൽത്തീരത്തുവച്ചു കാണാതാകുന്നതെങ്കിൽ, താങ്കൽ വീട്ടിൽ പോയിരുന്നു റിലാക്സ് ചെയ്യുമോ?’. തുടർന്നാണ് ഡിജിപി ചെറുതായെങ്കിലും ഇരുവരെയും കേൾക്കാൻ ശ്രമിച്ചതെന്നും അശ്വതി ചൂണ്ടിക്കാട്ടി.

ഡിജിപിയെ കാണാൻ ആദ്യദിവസം പോയി എല്ലാ സുരക്ഷാപരിശോധനയും പൂർത്തിയാക്കി ഉച്ച വരെ കാത്തിരുന്നെങ്കിലും പിറ്റേന്നു ചെല്ലാനായിരുന്നു മറുപടി. വിദേശവനിതയുടെ ബന്ധുക്കൾ വന്നിട്ടുണ്ടെന്നു ഡിജിപിയെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുപോലും തിരിഞ്ഞുനോക്കിയില്ല. പിറ്റേന്നെത്തിയപ്പോഴായിരുന്നു ആക്രോശമെന്നും അശ്വതി ചൂണ്ടിക്കാട്ടി.