സിദ്ധാരാമയ്യയ്ക്കെതിരെ ബാദാമിയിൽനിന്ന് മൽസരിക്കാന്‍ തയാർ: ബി.എസ്. യെഡിയൂരപ്പ

ബി.എസ്.യെഡ്യൂരപ്പ

ബെംഗളൂരു∙ കർണാടകയിൽ തിരഞ്ഞെടുപ്പു പോരു മുറകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കെതിരെ മൽസരിക്കാൻ തയാറാണെന്നു ബിജെപി അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ. മൈസുരുവിലെ ചാമുണ്ഡേശ്വരിക്കു പുറമെ വടക്കൻ കർണാടകത്തിലെ ബാദാമിയിൽനിന്നു മൽസരിക്കാൻ സിദ്ധാരാമയ്യ തയാറാകുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണു യെഡിയൂരപ്പയുടെ വെല്ലുവിളി.

താനാണോ അതോ മറ്റാരെങ്കിലുമാണോ ബാദാമിയിൽനിന്നു മൽസരിക്കേണ്ടതെന്നു ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ തീരുമാനിക്കും. എന്നോട് ആവശ്യപ്പെട്ടാൽ മൽസരിക്കാൻ തയാറാണ്. മറ്റാരെങ്കിലോടുമാണ് ആവശ്യപ്പെടുന്നതെങ്കില്‍ അവർ മൽസരിക്കും – യെഡിയൂരപ്പ ചിക്കമഗളൂരുവിൽ പറഞ്ഞു. സിദ്ധാരാമയ്യയെ പരാജയപ്പെടുത്താനായി ഏറ്റവും നല്ല സ്ഥാനാർഥിയെയാകും എതിരായി നിർത്തുകയെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

കുരുബ വിഭാഗത്തിൽപെട്ട സിദ്ധാരാമയ്യയെ തന്നെ ഇവിടെ സ്ഥാനാർഥിയാക്കുന്നതിലൂടെ വിജയം ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ജനതാദളും (എസ്) ബിജെപിയും കൈകോർക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണു സുരക്ഷിത സീറ്റായ ബാദാമിയിൽ കൂടി ജനവിധി തേടുന്നത്. ചാമുണ്ഡേശ്വരിയിൽനിന്നു അഞ്ചു തവണ വിജയിച്ച സിദ്ധാരായ്യ രണ്ടുതവണ പരാജയപ്പെടുകയും ചെയ്തിരുന്നു.