ഈ മുഖ്യമന്ത്രിയെ കാണാനാണോ കാത്തുനിന്നത്?: നെ‍ഞ്ചുപിടഞ്ഞ് ലിഗയുടെ ബന്ധുക്കൾ

കോവളത്ത് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലീസും വാർത്താസമ്മേളനത്തിൽ. സമീപം അശ്വതി ജ്വാല. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ പോത്തൻകോട് ചികിത്സയ്ക്കെത്തിയ ലാത്വിയ സ്വദേശി ലിഗയെ കാണാതായ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുണ്ടായ അനാസ്ഥയ്ക്കെതിരെ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല എഴുതിയ കുറിപ്പ് വൈറലാകുന്നു. കേസിനോടുള്ള സർക്കാരിന്റെയും പൊലീസ് നേതൃത്വത്തിന്റെയും തണുപ്പൻ സമീപനത്തിനെതിരെ രൂക്ഷപ്രതികരണമാണ് അശ്വതി സമൂഹമാധ്യമത്തിൽ നടത്തിയിരിക്കുന്നത്.

Read: "മുഖ്യമന്ത്രി, താങ്കൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു": അശ്വതി ജ്വാല

‘പോത്തൻകോട് സ്റ്റേഷനില്‍ കേസ് റജിസ്റ്റർ ചെയ്ത് 10 ദിവസത്തിനു ശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളിൽ എത്തുമ്പോൾ ലിഗയെ കാണാതായ വിവരം ആ സ്റ്റേഷനുകളിൽ അറിഞ്ഞിട്ടില്ലായിരുന്നു. മുഖ്യമന്ത്രിയെ നിയമസഭയിൽ കാണാൻ അനുമതി ലഭിച്ചിട്ടും പഴ്സനൽ സെക്രട്ടറി ഫോണെടുക്കാതിരുന്നതിനാൽ അകത്തേക്കു കയറ്റിവിട്ടില്ല. അതിനിടെ ലിഗയുടെ ബന്ധുക്കളുടെ മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞു പോയി. അതുകണ്ട് ആ വിദേശികൾ ചോദിച്ചത് ‘ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മൾ ഇവിടെ കാത്തു നിന്നത്..?’ എന്നായിരുന്നു.

ലിഗയുടെ സഹോദരി ഇലീസും അശ്വതി ജ്വാലയും വാർത്താസമ്മേളനത്തിൽ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

അധികാരത്തിന്റെ ഗർവും അഹങ്കാരവും കാണിക്കുന്ന നിലപാടാണു ഡിജിപി ലോക്നാഥ് ബെഹ്റയെ കാണാൻ ചെന്നപ്പോഴുണ്ടായത്. ആ അഹങ്കാരസ്വരത്തിനു മുന്നിൽ ലിഗയുടെ സഹോദരി ഇലീസ് പൊട്ടിക്കരഞ്ഞു പോയി. നിങ്ങളുടെ പൊലീസിനെ ഇനി വിശ്വാസം ഇല്ല എന്നാണു ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് പറഞ്ഞത്. പൊലീസിന്റെ നിർവികാരതയ്ക്കെതിരെ പ്രതികരിച്ച ആൻഡ്രൂസിനെ മാനസികരോഗി എന്നു മുദ്ര കുത്തി. ഒരു വിദേശിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിട്ട് ഒരു ജനപ്രതിനിധി പോലും കാണാൻ തയാറായില്ല. കേരളം തല കുനിച്ചു പോകുന്ന നിലയിലായിരുന്നു പൊലീസിന്റെ സമീപനം’– അശ്വതി കുറിച്ചു.

അശ്വതിയുടെ കുറിപ്പിന്റെ പൂർണരൂപം:

മനസ്സ് ശാന്തമാക്കാൻ മരുന്ന് തേടി വന്നവളുടെ ഉയിരെടുത്ത കേരളം... ലിഗയെ കാണാതായി ഏകദേശം നാലോ അഞ്ചോ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊട്ട് ഇവരോടൊപ്പം കൂടിയവരാണ് ഞങ്ങൾ ശിവ സുന്ദർ, വിജു, സാം. മാധ്യമ പ്രവർത്തകൻ സുനിത് തയാറാക്കിയ വാർത്തയാണ് ഞങ്ങളെ ഇവരിലേക്കെത്തിച്ചത്. സുനിത് അന്നു മുതലിന്നു വരെ ഒരു കൂടപ്പിറപ്പിനേക്കാൾ ആത്മാർത്ഥതയോടെ ഇവരോടൊപ്പമുണ്ട്. തുടർന്നുള്ള എല്ലാ നീക്കങ്ങൾക്കും ഒരു മനസ്സായ് ഞങ്ങൾ നിന്നു. ഇലീസിന്റെയും ആൻഡ്രൂസിന്റെയും ചങ്കുപറിയുന്ന വേദന വാക്കുകൾക്കതീതമാണ്. തേടാത്ത വഴികളില്ല, മുട്ടാത്ത വാതിലുകളില്ല. കന്യാകുമാരി മുതൽ ഗോകർണം വരെ നീണ്ട അന്വേഷണം. അപ്പോഴെല്ലാം ഒരു വിളിപ്പാടകലെ ലിഗ. എങ്ങനെ ആ ഒരിടം മാത്രം ഞങ്ങടെ ശ്രദ്ധയിൽ വന്നില്ല? പ്രത്യേക അന്വേഷണ സംഘവും ഇക്കാര്യത്തിൽ പരാജയപ്പെട്ടു.

വാർത്താസമ്മേളനത്തിനെത്തിയ ലിഗയുടെ സഹോദരി ഇലീസും അശ്വതി ജ്വാലയും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ലിഗയെത്തേടി ഗോകർണം വരെ പോയ പൊലീസ് സംഘത്തിനും തിരുവല്ലം സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരം പോലുമില്ലാത്ത കണ്ടൽക്കാടു നിറഞ്ഞ, മദ്യപന്മാരും മറ്റു ക്രിമിനലുകളും വന്നെത്താറുള്ള ഈ പ്രദേശത്ത് വെറുതെയെങ്കിലും ഒന്നു നോക്കാമെന്നു തോന്നിയില്ല. മുമ്പെന്നോ സമാനമായ ഒരു കൊലപാതകം ഈ സ്ഥലത്ത് നടന്നിട്ടുള്ളതായി ഒരു പ്രദേശവാസി പറഞ്ഞതായറിഞ്ഞു.

സഞ്ചാരികളുടെ ഈ പറുദീസ പൂർണമായും സുരക്ഷിതമാണെന്ന വിഴിഞ്ഞം–കോവളം പൊലീസിന്റെ അവകാശവാദം പൊളിഞ്ഞു വീണു. എത്ര നിസ്സാരമായാണ് ആദ്യഘട്ടത്തിൽ പോത്തൻകോട് പൊലീസും വിഴിഞ്ഞം കോവളം പൊലീസും ഈ വിഷയം കൈകാര്യം ചെയ്തത്. അന്നവർ തീരപ്രദേശത്ത് പത്തു കിലോമീറ്റർ ദൂരം അരിച്ചുപെറുക്കിയെങ്കിൽ ഒരു പക്ഷേ ഈ പാവത്തെ ജീവനോടെ കണ്ടെത്താനായേനെ.

ചിലതൊക്കെ അനുഭവിച്ചതാണ്.. ആ അവസ്‌ഥയിലൂടെ ശരീരവും മനസും നിസ്സഹായതയും പ്രതിഷേധവും അടങ്ങുന്ന ഒരു രൂപമായി കടന്നുപോയപ്പോൾ,
ഏമാന്മാരുടെ മുന്നിൽ ചെന്ന് തല കുനിച്ചു നിന്നപ്പോൾ, മനസ്സിൽ ശപിച്ചുകൊണ്ട് ആ മുഖങ്ങളിൽ നോക്കി യാചിച്ചപ്പോൾ, ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവരെ അന്വേഷിച്ചു കണ്ടെത്തണം... അതിന് ആരുടെ കാലു പിടിക്കാനും തയാറായിരുന്നു. മറ്റൊന്നിനും വേണ്ടിയല്ല. ഈ നാടിന്റെ അഭിമാനത്തിനു വേണ്ടി, ഞാനും സ്വാർഥയായി. എന്റെ രാജ്യത്തെത്തിയ വിദേശ വനിതയ്ക്ക് ഒരിക്കലും ഒരാപത്തുണ്ടാകാൻ പാടില്ല. അത് എന്റെ നാടിനെ തല കുനിപ്പിക്കും എന്ന സ്വാർഥത.

കാണാതായി എട്ടു ദിവസത്തിനു ശേഷം, ഇടപെട്ടതു മുതലേ പൊലീസിന്റെ അനാസ്‌ഥ. പോത്തൻകോട് നിന്ന് ഓട്ടോറിക്ഷയിൽ കയറി കോവളത്ത് ഇറങ്ങി– കേസ് റജിസ്റ്റർ ചെയ്തത് പോത്തൻകോട്. കേസ് റജിസ്റ്റർ ചെയ്തു 10 ദിവസത്തിനു ശേഷം വിഴിഞ്ഞം, കോവളം സ്റ്റേഷനുകളിൽ ഞങ്ങൾ എത്തുമ്പോൾ കാണാതായ വിവരം ആ സ്റ്റേഷനുകളിൽ അറിഞ്ഞിട്ടില്ലായിരുന്നു. പോത്തൻകോട് എസ്‌ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടത് എന്നു വിഴിഞ്ഞം എസ്‌ഐ ഷിബു.

വാർത്താസമ്മേളനത്തിൽ ലിഗയുടെ സഹോദരി ഇലീസും ലിഗയുടെ ഭർത്താവ് ആൻഡ്രൂസും. ചിത്രം: റിങ്കുരാജ് മ‍ട്ടാഞ്ചേരിയിൽ

പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30നു മുഖ്യമന്ത്രിയെ കാണാനുള്ള മുൻ‌കൂർ അനുമതിയുമായി നിയമസഭയ്ക്കു മുന്നിൽ കാത്തുനിന്നു. അനുമതി നൽകിയ മുഖ്യമന്ത്രിയുടെ പഴ്സനൽ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഫോൺ എടുക്കാത്തതിനാൽ ഞങ്ങളെ അകത്തേക്കു കയറ്റി വിട്ടില്ല. ഒടുവിൽ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോൾ ആ വിദേശികൾ ചോദിച്ചു–‘ഈ മുഖ്യമന്ത്രിയെ കാണാൻ ആണോ നമ്മൾ ഇവിടെ കാത്തു നിന്നത്..?’

ഒടുവിൽ ഫോണെടുത്ത സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയെ ഇനി കാണാനാകില്ല എന്നാണ്. ചോദ്യം ചെയ്യാൻ നമ്മൾക്കാവില്ലല്ലോ. അടുത്ത ഊഴം ഡിജിപി ലോക്നാഥ്‌ ബെഹ്‌റയായിരുന്നു. മൂന്നു മണിക്കൂർ കാത്തു നിന്ന ശേഷം ഇനി ഇന്നു പറ്റില്ല, മീറ്റിങ്ങിന് അടുത്ത ദിവസം വരാൻ ആവശ്യപ്പെട്ടു .അടുത്ത ദിവസം ഒരുപാടു പ്രതീക്ഷയോടെ ആൻഡ്രൂസും ഞാനും ഇലീസും ഡിജിപിയെ കാണാൻ റൂമിലെത്തി. ഈ വിദേശികളെ അദ്ദേഹം സ്വീകരിച്ചതു തന്നെ സമയം കൊല്ലികളെ കാണുന്ന മനോഭാവത്തോടെയായിരുന്നു. ‘കേരള പൊലീസിനെ പഠിപ്പിക്കാൻ വരണ്ട, ഞങ്ങൾക്കറിയാം എങ്ങനെ അന്വേഷിക്കണമെന്ന്’ ഓരോ വാക്കിലും അധികാരത്തിന്റെ ഗർവും അഹങ്കാരവും മാത്രമായിരുന്നു പിന്നീട്.

ഡിജിപിയുടെ പദവിക്കു ചേരും വിധം അതിഗാംഭീര്യത്തോടെയുള്ള താക്കീതും: ‘കൂടുതൽ പൊലീസിനെ കുറ്റം പറഞ്ഞാൽ ഒരു മിസ്സിങ് കേസ് എന്ന നിലയിൽ കേസ് ക്ലോസ് ചെയ്ത് അവർ ഒരു റിപ്പോർട്ട് തരും... പിന്നെ ആർക്കും ഒന്നും ചെയ്യാനാകില്ല’. ആ താക്കീതിന്, അഹങ്കാരസ്വരത്തിനു മുന്നിൽ സഹോദരി ഇലീസ് പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ടു തലകുനിച്ചിരുന്നു ഞാൻ. ഡിജിപിയോട് ആൻഡ്രൂസ് എന്ന ലിഗയുടെ ഭർത്താവ് ചോദിച്ച ചോദ്യം, ‘നിങ്ങളുടെ സ്നേഹസമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടൽ തീരത്ത് കാണാതായാൽ നിങ്ങൾ വീട്ടിൽ പോയി കിടന്നു സുഖമായി ഉറങ്ങുമോ, അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിക്കുമോ..?’ എന്നായിരുന്നു.

എനിക്കു നിങ്ങളുടെ പൊലീസിനെ ഇനി വിശ്വാസം ഇല്ല എന്ന നിരാശാപൂർണമായ സംഗ്രഹത്തോടെ ഇറങ്ങിപ്പോകുകയായിരുന്നു ആ പാവം മനുഷ്യൻ. അതിനുശേഷമാണു ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും. ഒടുവിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. കാണാതായി 15 ദിവസങ്ങൾക്കു ശേഷം ഹേബിയസ് ഫയൽ ചെയ്തപ്പോഴാണു പൊലീസും തീരദേശ സേനയുമൊക്കെ ഉറക്കം ഉണർന്നത്. പലതവണ ചിന്തിച്ചു ഇതാണോ ഒരു വിദേശിക്കു നമ്മുടെ രാജ്യം നൽകുന്ന സംരക്ഷണം എന്ന്. ഒടുവിൽ തന്റേതായ രീതിയിൽ അന്വേഷണം നടത്തിയ ആൻഡ്രൂസ് ഇവിടത്തെ പൊലീസിന്റെ നിർവികാരതയ്ക്കെതിരെ പ്രതികരിക്കാൻ തുടങ്ങി.

വാർത്താസമ്മേളനത്തിൽ ആൻഡ്രൂസ്, ഇലീസ്, അശ്വതി ജ്വാല. ചിത്രം: റിങ്കുരാജ് മ‍ട്ടാഞ്ചേരിയിൽ

അതിന്റെ പേരിൽ അദ്ദേഹത്തെ മാനസികരോഗി എന്നു മുദ്ര കുത്തി. ആറു ദിവസം കസ്റ്റഡിയിൽ വച്ച ശേഷം ബലമായി ടിക്കറ്റ് എടുപ്പിച്ച് അയർലൻഡിലേക്കു തിരികെ അയച്ചു. ലിഗയുടെ ശരീരം കണ്ടെത്തുന്നതിനു മൂന്നു ദിവസം മുൻപാണ് അദ്ദേഹം വീണ്ടും ഇന്ത്യയിലേക്കു വന്നത്. ഒടുവിൽ മോർച്ചറിക്കു പുറത്തു ലിഗയുടെ സഹോദരി കരഞ്ഞുകൊണ്ടു പറഞ്ഞത് ‘ഈ ഗതി ആർക്കും വരരുത്’ എന്നായിരുന്നു. അവരെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് വാക്കുകളില്ലായിരുന്നു.

ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്‌ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു? എത്ര പേർ അവരെ അന്വേഷിച്ചു..? ആരും ഉണ്ടായിരുന്നില്ല. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാരത്തേക്കാൾ മൂല്യമുണ്ടായിരുന്നു ഒരു ദിവസമെങ്കിലും ഫോണിലൂടെയെങ്കിലും ‘ഞങ്ങൾ ഉണ്ട്’ എന്ന ഒരു വാക്കിന്. അതു നൽകാൻ കഴിയാത്തവർ ഇനി എന്തു പറഞ്ഞിട്ടും ചെയ്തിട്ടും എന്തു കാര്യം? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുൻപിലേക്കല്ലേ? ഒന്നു മാറ്റിക്കൂടെ സാറുമ്മാരെ ഈ മനോഭാവം? ഒരല്പം കരുണ.. അന്നു നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിന് ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ലായിരുന്നു...