മൃതദേഹം ലിഗയുടേത് തന്നെ, പക്ഷെ ജാക്കറ്റ് അവരുടേതല്ല: ഓട്ടോറിക്ഷ ഡ്രൈവർ

മരിച്ച ലിഗ, ഓട്ടോ ഡ്രൈവർ ഷാജി

തിരുവനന്തപുരം∙ കോവളത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ മൊഴി. ഷാജിയാണു ലിഗയെ ഓട്ടോറിക്ഷയിൽ കോവളത്തുവിട്ടത്. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജിയുടെ മൊഴിയിലുണ്ട്. ഇതോടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത ഉയരുകയാണ്. സ്വാഭാവിക മരണമെന്ന പൊലീസ് വാദത്തിന് ഇത് തിരിച്ചടിയാണ്.

കോവളത്തെ കണ്ടൽക്കാടുകളിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകടത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും ഇലീസ് പറഞ്ഞു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി. ഐജി: മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. മരണത്തെക്കുറിച്ച് ലിഗയുടെ ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയതാണ് വിശദമായ അന്വേഷണം നടത്താനുള്ള പൊലീസ് തീരുമാനത്തിനു പിന്നില്‍. മൂന്നു എസിപിമാരെ സംഘത്തിലുള്‍പ്പെടുത്തി അന്വേഷണ സംഘത്തിന്റെ അംഗബലം 25 ആയാണ് ഉയര്‍ത്തിയത്. ഐജി: മനോജ് എബ്രഹാം തന്നെ അന്വേഷണ സംഘത്തെ നയിക്കും.

ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാട് പ്രദേശത്ത് എത്തി, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും അന്വേഷിക്കുക. മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിൾ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലേക്ക് അയച്ചിട്ടുണ്ട്.