റെയിൽവേ ടിക്കറ്റ് ഇനി മലയാളത്തിലും; തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു

മലയാളം ഉൾപ്പെടുത്തിയ ടിക്കറ്റ്.

കൊച്ചി∙ ഇനി റെയിൽവേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകൾ മലയാളത്തിൽ ലഭ്യമാക്കുന്നതിന്റെ ട്രയൽ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടർ സൗകര്യമില്ലാത്ത ഹാൾട്ട് സ്റ്റേഷനുകളിൽ നൽകുന്ന കട്ടിയുള്ള ടിക്കറ്റുകളിൽ മലയാളത്തിൽ സ്ഥലങ്ങൾ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളിൽനിന്നുള്ള ടിക്കറ്റുകളിൽ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളിൽ ഉണ്ടായിരുന്നത്.

തമിഴ് ഉൾപ്പെടുത്തിയ ടിക്കറ്റ്.

ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്സ്യൽ വിഭാഗം അറിയിച്ചു. കർണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുൻപായി ടിക്കറ്റുകളിൽ കന്നഡ ഉൾപ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയിൽവേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിന് ഒപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയിൽവേ ആരംഭിച്ചിട്ടുണ്ട്.