വിഴിഞ്ഞം: കമ്പനിക്കാരുടെ ബാധ്യത കൂടി ഏറ്റെടുക്കേണ്ടിവരുമോയെന്ന് കമ്മിഷൻ

കൊച്ചി∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ ഇത്രയും ഭീമമായ തുക മുടക്കിയിട്ടും കമ്പനിക്കാർ വരുത്തി വയ്ക്കുന്ന ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന് ജുഡീഷ്യൽ കമ്മിഷൻ. സർക്കാർ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്താൻ അദാനി ഗ്രൂപ്പിന് അനുവാദം നൽകുന്ന കരാർ വ്യവസ്ഥകൾ ഇത്തരം സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ നിരീക്ഷിച്ചു. വ്യവസ്ഥകൾക്കു രൂപം നൽകുമ്പോൾ സർക്കാർ ഇത്രത്തോളം നിക്ഷേപ സൗഹൃദമാകണമായിരുന്നോ എന്നും കമ്മിഷൻ ചോദിച്ചു. എന്നാൽ പണം കണ്ടെത്താനായി സർക്കാർ ഭൂമി പണയപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.

കരാറിൽ ക്രമക്കേടുകൾ ഉണ്ടോ എന്നതു കണ്ടെത്താനുള്ള ജുഡീഷ്യൽ കമ്മിഷന്റെ നിർണായക സിറ്റിങ് പിന്നിടുമ്പോൾ അഴിമതി ആരോപിച്ച് കക്ഷി ചേർന്ന മൂന്നു പേർ വാദങ്ങൾക്കു വേണ്ടി പോലും ഹാജരാകാതിരുന്നത് കമ്മിഷൻ ചൂണ്ടിക്കാട്ടി. കരാറിൽ കോടികളുടെ അഴിമതി ആരോപിച്ചിരുന്ന സി.ആർ.നീലകണ്ഠൻ, ജോൺ ജോസഫ്, സലീം എന്നിവർ‍ കമ്മിഷന് മുമ്പാകെ എത്തിയില്ല. കഴിഞ്ഞയാഴ്ചത്തെ സിറ്റിങിനിടയിൽ രേഖകൾ പരിശോധിക്കാൻ സമയം വേണമെന്ന് സി.ആർ.നീലകണ്ഠൻ ആവശ്യപ്പെട്ടിരുന്നു. എല്ലാ രേഖകളും ്പരിശോധിക്കാൻ കമ്മിഷൻ അനുവദിച്ചെങ്കിലും പിന്നീട് അദ്ദേഹം എത്തിയില്ല. ആരെയും വിളിച്ചു വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും വേണ്ടത്ര സമയം ഹർജിക്കാർക്ക് അനുവദിച്ചിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കി.

അടുത്ത മാസം 14, 15 തിയതികളിൽ തിരുവനന്തപുരത്താണ് തെളിവെടുപ്പ്. 14ന് പദ്ധതി പ്രദേശം സന്ദർശിക്കുന്ന കമ്മിഷൻ 15ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ പരാതിക്കാരെ കേൾക്കും.