വിവാഹ സമ്മാനമായി പാഴ്സൽ ബോംബ്: ‌വരന്റെ അമ്മയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ

വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ട യുവാവ് ഭാര്യയ്ക്കൊപ്പം (ചിത്രം: എഎൻഐ)

ഭുവനേശ്വർ∙ വിവാഹസമ്മാനത്തിന്റെ രൂപത്തിൽ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ തൊഴിൽ രംഗത്തെ അസൂയയെന്നു പൊലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മയുടെ സഹപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചിലാൽ മെഹർ എന്നയാളാണു കല്യാണസമ്മാനമായി വന്ന ബോംബിന്റെ സൂത്രധാരൻ.

ഈ വർഷം ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖർ സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിനു ശേഷം ഫെബ്രുവരി 23ന് ഇവർക്ക് പാഴ്സലായി ഒരു വിവാഹസമ്മാനം ലഭിച്ചു. സമ്മാനം തുറന്നുനോക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ സൗമ്യയും അമ്മൂമ്മയായ ജമമണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിനു പരുക്കേൽക്കുകയും ചെയ്തു. 

പഞ്ചിലാൽ മെഹറിനു പകരം സൗമ്യയുടെ അമ്മയായ സഞ്‍ജുക്തയെ ഭായ്ൻസയിലെ ജ്യോതി ബികാഷ് കോളജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു. ഇതിൽ അസൂയ പൂണ്ട പഞ്ചിലാൽ‌ കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി സ്ഫോടനം നടത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് ഐജി അരുൺ‍ ബോത്ര പറഞ്ഞു.

പഞ്ചിലാലിന്റെ പക്കൽ‌ നിന്ന് പടക്കങ്ങൾ, വെടിമരുന്ന്, ലാപ്ടോപ്,പെൻഡ്രൈവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ബോംബുണ്ടാക്കുന്നതിനായി ഏഴുമാസം ഇന്റർനെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയും ചെറു പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ശേഷമായിരുന്നു 'സമ്മാന' ബോംബ് നിർമിച്ചതെന്നും പൊലീസ് അറിയിച്ചു. മനോഹരമായ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച നിലയിൽ അയച്ച ആളുടെ പേരോ വിലാസമോ എഴുതാതെയായിരുന്നു ‘പാഴ്സൽ’ എത്തിച്ചത്.