വടിവാൾ ആക്രമണം: അറസ്റ്റ് നീട്ടി പൊലീസ്; സിപിഎം സമ്മർദ്ദമെന്ന് ആരോപണം

കളമശേരിയിൽ യുവാവിനെ അക്രമികൾ െവട്ടിപരുക്കേൽപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽനിന്ന്.

കൊച്ചി∙ കളമശേരിയിൽ യുവാവിനെ അക്രമികൾ െവട്ടിപരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടുന്നില്ലെന്നു പരാതി. കളമശേരി വട്ടേക്കുന്നം ജോർജിന്റെ മകൻ എൽദോസിനെയാണു വിഷുദിനം രാത്രി ഒരു സംഘം വടിവാൾ കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചത്. അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ എൽദോസ് ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെട്ടേറ്റ് അറ്റുപോയ കാലിന്റെ ചലനശേഷി ശസ്ത്രക്രിയയ്ക്കുശേഷവും വീണ്ടുകിട്ടിയിട്ടില്ല.

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പൊലീസ് പ്രതികളെ പിടികൂടാൻ തയാറാകുന്നില്ലെന്നാണു പരാതി. പ്രതികളെ പിടികൂടാത്തതിനു പിന്നിൽ സിപിഎം സമ്മർദമാണെന്നാണ് ആരോപണം. സിപിഎം മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ കെ.ആർ. ഗോപിയുടെ മകൻ ശ്രീരാഗും സംഘവുമാണ് എൽദോസിനെ അക്രമിച്ചത്. അഞ്ചു പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി കളമശേരി പൊലീസ് അറിയിച്ചു. പ്രതികൾ ഒളിവിലാണെന്നാണു പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിനു പിന്നിൽ മദ്യപാനത്തെ തുടർന്നുള്ള തർക്കമാണെന്നും കളമശേരി പൊലീസ് അറിയിച്ചു.