കഠ്‌വ: സിബിഐ അന്വേഷണം വേണം, പ്രതികളെ അനുകൂലിച്ച് ബാർ അസോസിയേഷൻ

കഠ്‌വയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെതിരെ പ്രതിഷേധിക്കുന്നവർ

ന്യൂഡൽഹി∙ രാജ്യത്ത് ജനരോഷമുയര്‍ന്ന കഠ്‍വ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍ നിലപാടെടുത്തു. ഇരയുടെ അഭിഭാഷകയേയോ പൊലീസിനേയോ അഭിഭാഷകര്‍‌ തടഞ്ഞിട്ടില്ലെന്നും സുപ്രീംകോടതിയില്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധി നിലപാടറിയിച്ചു.

കഠ്‌വ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ അഭിഭാഷകയെ മറ്റ് അഭിഭാഷകര്‍ തടഞ്ഞതു പ്രഫഷനല്‍ എത്തിക്സിനു വിരുദ്ധമെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീര്‍ ഹൈക്കോടതി അസോസിയേഷനും കഠ്‌വ ബാര്‍ അസോസിയേഷനും അടക്കം നോട്ടിസ് അയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടെ, കഠ്‌വ കേസിന്റെ വിചാരണ ഈമാസം 28ന് നടക്കും. വിചാരണ കശ്മീരിനു പുറത്തു നടത്തണമെന്ന ബാലികയുടെ പിതാവിന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതാണു കാരണം. കേസിന്‍റെ വിചാരണ ചണ്ഡീഗഢിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

പ്രതികളുടെ അഭിഭാഷകനെതിരെ ക്രൈംബ്രാഞ്ച്

കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കശ്മീർ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എട്ടുവയസ്സുകാരി പെൺകുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വസ്തുതകൾ വളച്ചൊടിച്ച് അഭിഭാഷകൻ നടത്തുന്ന പ്രവർത്തനങ്ങളാണ് ഈ തീരുമാനത്തിനു പിന്നിൽ. കേസിൽ അറസ്റ്റിലായ വിശാൽ ശർമയ്ക്കെതിരെ മൊഴികൊടുക്കാൻ ക്രൈംബ്രാഞ്ച് സമ്മർദം ചെലുത്തിയെന്നു സാക്ഷി പറയുന്നതായ സിഡി അഭിഭാഷകൻ പ്രചരിപ്പിച്ചിരുന്നു.

കേസിലെ മുഖ്യസൂത്രധാരൻ സഞ്ജി റാമിന്റെ മകനാണു വിശാൽ ശർമ. സമൂഹമാധ്യമങ്ങളിൽ വൈറലായ സിഡിക്കു പിന്നിൽ ഈ അഭിഭാഷകനാണെന്നാണു വിവരം. മജിസ്ട്രേട്ടിനു മുന്നിൽ സാക്ഷി മൊഴി നൽകുന്നുവെന്ന തരത്തിലാണു വിഡിയോ പ്രചരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ കോടതിക്കു പുറത്താണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായിട്ടുണ്ട്.

ക്രൂരപീഡനം അരങ്ങേറിയത് ക്ഷേത്രത്തിൽ

നാടോടി ഗോത്രവിഭാഗമായ ബഖർവാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവിൽ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവിൽനിന്നു 90 കിലോമീറ്റർ അകലെ കഠ്‍വയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവിൽ വച്ചത്.

മരുന്നു നൽകി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയിൽ നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ഒൻപതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്. ബഖർവാലകളെ ജമ്മു മേഖലയിൽനിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നാലുപേർ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചിരുന്നു.