ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ∙ കഴിഞ്ഞ രണ്ടു മാസത്തിനിടയിലെ ഉയർന്ന നിലവാരത്തിൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 212.33 പോയിന്റ് ഉയർന്ന് 34,713.60 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.25 പോയിന്റ് ഉയർന്ന് 10,617.80 ലും ക്ലോസ് ചെയ്തു. ബാങ്കിങ്, എഫ്എംസിജി, ഐടി ഓഹരികളിലുണ്ടായ നേട്ടമാണ് വിപണിക്ക് കരുത്തേകിയത്. ആഗോള വിപണിയിലെ മുന്നേറ്റവും ഇന്ത്യൻ വിപണി‍യില്‍ പ്രതിഫലിച്ചു.

എൻഎസ്ഇയിലെയും ബിഎസ്ഇയിലെയും മിക്ക സെക്ടറുകളും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യെസ് ബാങ്ക്, ടിസിഎസ്, എച്ച്‌യുഎൽ, ഐടിസി, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയർടെൽ, വിപ്രോ, എസ്ബിഐ, ടാറ്റാ സ്റ്റീൽ, ഐഡിയ സെല്ലുലാർ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട ഓഹരികൾ.