സെൻട്രൽ ജയിലിലേക്കു പറന്നുവന്നു; ബീഡിയും ഹൽവയും ബദാം പരിപ്പും

കണ്ണൂർ∙ സെൻട്രൽ ജയിൽ വളപ്പിൽ നിന്നു ബീഡിയും പലഹാരങ്ങളും അടങ്ങിയ പൊതി കണ്ടെത്തി. ജയിലിന്റെ പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞ നിലയിൽ ആശുപത്രി ബ്ലോക്കിനു സമീപത്തു നിന്നാണു പൊതി കണ്ടെത്തിയത്. 20കെട്ട് ബീഡി, ഹൽവ, ബദാം പരിപ്പ് തുടങ്ങിയവയാണ് പൊതിയിലുണ്ടായിരുന്നത്.

അതിനിടെ ജയിലിലേക്കു പുറത്തുനിന്നു മദ്യക്കുപ്പി എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സ്പെഷൽ സബ്ജയിലിന്റെ മതിലിനു പുറത്തുനിന്ന് അകത്തേക്ക് രണ്ടു പേർ മദ്യക്കുപ്പി എറിയുന്ന ദൃശ്യങ്ങളാണിത്. ജയിൽ അധികൃതർ ജയിലിനകത്തു പരിശോധന നടത്തിയെങ്കിലും കുപ്പി കണ്ടെത്തിയിട്ടില്ല.

സെൻട്രൽ ജയിലിനോടു ചേർന്നുള്ള സ്പെഷൽ സബ് ജയിലിന്റെ മതിലിനു പുറത്തെ വഴിയിൽ നിന്നു ജയിലിനകത്തേക്കു മദ്യം, ബീഡി തുടങ്ങിയവ എറിഞ്ഞുനൽകുന്ന സംഭവങ്ങൾ നേരത്തേയും ഉണ്ടായിരുന്നു. ഈ ഭാഗത്ത് കൂടുതൽ വാർഡർമാരെ കാവലിനു നിയോഗിച്ചതായും പുതിയ ഗേറ്റ് പോയിന്റ് ആരംഭിച്ചിട്ടുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു.