അർധസെഞ്ചുറിയുമായി ധോണി, വിക്കറ്റെടുത്ത് ആസിഫ്; ഡൽഹിയെ കീഴടക്കി ചെന്നൈ

ചെന്നൈയ്ക്കെതിരെ ഋഷഭ് പന്തിന്റെ ബാറ്റിങ്.‌ ചിത്രം: ഐപിഎൽ ട്വിറ്റർ

പുണെ∙ ഐപിഎല്ലിൽ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 13 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 211 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ സാധിച്ചുള്ളു. അർധസെഞ്ചുറിയുമായി യുവതാരം ഋഷഭ് പന്തും വിജയ് ശങ്കറും പൊരുതി നോക്കിയെങ്കിലും ചെന്നൈയുടെ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.

ഋഷഭ് 45 പന്തിൽ 79ഉം വിജയ് ശങ്കർ 31 പന്തിൽ 54ഉം റൺസെടുത്തു. പൃഥ്വി ഷാ (അഞ്ച് പന്തിൽ‌ ഒൻപത്), കോളിൻ മൺറോ (16 പന്തിൽ 26), ശ്രേയസ് അയ്യർ (14 പന്തിൽ 13), ഗ്ലെന്‍ മാക്സ്‍വെൽ (അഞ്ച് പന്തിൽ ആറ്), ഗ്ലെൻ മാക്സ്‍വെൽ (അഞ്ച് പന്തിൽ ആറ്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഡൽഹി താരങ്ങളുടെ സ്കോറുകൾ. നാലു പന്തിൽ മൂന്നു റൺസുമായി രാഹുൽ തെവാട്ടിയയും പുറത്താകാതെനിന്നു. ചെന്നൈയ്ക്കായി കന്നി മൽസരം കളിക്കാനിറങ്ങിയ മലയാളി താരം കെ.എം.ആസിഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റു വീഴ്ത്തി.

ടോസ് നേടിയ ഡൽ‌ഹി, ചെന്നൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഷെയ്ൻ വാട്സൺ, ഫാഫ് ഡുപ്ലേസി എന്നിവർ ചേര്‍ന്നു മികച്ച തുടക്കമാണ് ചെന്നൈയ്ക്കു നൽകിയത്. സുരേഷ് റെയ്നയൊഴികെ പുറത്തായ മൂന്നു ബാറ്റ്സ്മാൻമാരും താളം കണ്ടെത്തിയതോടെ മികച്ച വിജയലക്ഷ്യത്തിലേക്ക് ചെന്നൈ ചേക്കേറുകയായിരുന്നു. അവസാന പന്തുകളിൽ ആഞ്ഞടിച്ച ക്യാപ്റ്റൻ എം.എസ്.ധോണിയും ചെന്നൈയെ മുന്നിൽനിന്നു നയിച്ചു.

ഓപ്പണർ ഷെയ്ൻ വാട്സൺ ( 40 പന്തിൽ 78), ധോണി (22 പന്തിൽ 51) എന്നിവർ ചെന്നൈയ്ക്കു വേണ്ടി അർധസെഞ്ചുറി നേടി. ഫാഫ് ഡുപ്ലേസി (33 പന്തില്‍ 33), അംബാട്ടി റായിഡു (24 പന്തിൽ 41), സുരേഷ് റെയ്ന (രണ്ടു പന്തിൽ ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ചെന്നൈ താരങ്ങളുടെ സമ്പാദ്യം. ഡൽഹി നിരയിൽ അമിത് മിശ്ര, വിജയ് ശങ്കർ, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ ഓരോ വിക്കറ്റു വീതം നേടി.