Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ: ഡൽഹിക്കെതിരെ സൺറൈസേഴ്സിന് ഏഴ് വിക്കറ്റ് ജയം

alex-hales ഡൽഹിക്കെതിരെ അലക്സ് ഹെയ്ൽസിന്റെ ബാറ്റിങ്

ഹൈദരാബാദ്∙ ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ വിജയത്തുടർച്ചയുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ഡൽഹി ഡെയർഡെവിൾസിനെതിരെ സൺറൈസേഴ്സിന് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 164 റൺസെന്ന വിജയലക്ഷ്യം ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഒരു പന്തു ബാക്കിനിൽക്കെ മറികടന്നു. ഇറങ്ങിയ ബാറ്റ്സ്മാൻമാരെല്ലാം സണ്‍റൈസേഴ്സിനായി തിളങ്ങിയപ്പോൾ 31 പന്തിൽ 45 റണ്‍സുമായി അലക്സ് ഹെയ്ൽസ് അവരുടെ ടോപ്സ്കോററായി.

ശിഖർ ധവാൻ 30 പന്തിൽ 33 ഉം കെയ്ൻ വില്യംസൺ പുറത്താകാതെ 30 പന്തിൽ 32 ഉം റൺസെടുത്തു. മനീഷ് പാണ്ഡെ 21 റൺസെടുത്തു. 12 പന്തിൽ 27 റൺ‌സെടുത്ത യൂസഫ് പത്താനും ഹൈദരാബാദ് ജയത്തിൽ നിർണാക പങ്കുവഹിച്ചു. ഡൽഹിക്കു വേണ്ടി അമിത് മിശ്ര രണ്ടു വിക്കറ്റ് വീഴ്ത്തി. ലിയാം പ്ലങ്കറ്റ് ഒരു വിക്കറ്റും സ്വന്തമാക്കി. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ഓപ്പണർ പൃഥ്വി ഷാ ഡൽഹിക്കായി അർധസെഞ്ചുറി നേടി. 36 പന്തുകൾ നേരിട്ട ഷാ 65 റൺസുമായാണ് പുറത്തായത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 44 റൺസെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്‍വെൽ (മൂന്ന് പന്തിൽ രണ്ട്), ഋഷഭ് പന്ത് (19 പന്തിൽ 18), നമന്‍ ഓജ (നാല് പന്തിൽ ഒന്ന്), വിജയ് ശങ്കർ (13 പന്തിൽ 23), ഡാനിയൽ ക്രിസ്റ്റ്യൻ (ഒൻപത് പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റു ഡൽഹി താരങ്ങളുടെ സ്കോറുകൾ. ഹൈദരാബാദിനായി റാഷിദ് ഖാൻ രണ്ടു വിക്കറ്റും സിദ്ധാർഥ് കൗൾ ഒരു വിക്കറ്റും വീഴ്ത്തി.