ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം പുഷ്പനാഥ്

കോട്ടയം∙ അപസർപ്പക കഥകൾക്ക് മലയാള സാഹിത്യത്തിൽ ജനപ്രിയ മുഖം സമ്മാനിച്ച പ്രശസ്ത എഴുത്തുകാരൻ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ കൂടിയായ മകൻ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപാണ് പുഷ്പനാഥിന്റെ മരണം. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് സിഎസ്ഐ കത്തീഡ്രൽ പള്ളിയിൽ നടക്കും.

Read more at: ഓർമകളിൽ കോട്ടയം പുഷ്പനാഥ്...

ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ ഒരു കാലത്ത് മലയാളി യുവാക്കളുടെ ഹരമായിരുന്നു. കോട്ടയത്ത് എം.ടി. സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പുഷ്‌പനാഥിന്റെ സ്‌കൂൾ വിദ്യാഭ്യാസം. പിന്നീട് കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1972-ൽ ചരിത്രത്തിൽ ബിരുദമെടുത്തു. അധ്യാപികയായിരുന്ന അമ്മയാണ് പുഷ്പനാഥിനെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയത്.

കോട്ടയം പുഷ്പനാഥ് കൊച്ചുമകനൊപ്പം.

കോട്ടയം ജില്ലയിൽ അധ്യാപകനായിരുന്ന പുഷ്പനാഥൻ പിള്ള എന്ന കോട്ടയം പുഷ്പനാഥ്, ജോലിയിൽനിന്ന് സ്വയം വിരമിച്ചശേഷം പൂർണമായും എഴുത്തിന്റെ ലോകത്തായിരുന്നു. കോടിയത്തൂർ പ്രൈവറ്റ് സ്‌കൂൾ, ദേവികുളം ഗവൺമെന്റ് ഹൈസ്‌കൂൾ, കല്ലാർകുട്ടി എച്ച്.എസ്, നാട്ടകം ഗവൺമെന്റ് എച്ച്.എസ്, ആർപ്പൂക്കര ഗവൺമെന്റ് എച്ച്.എസ്., കാരാപ്പുഴ ഗവൺമെന്റ് എച്ച്.എസ്., തുടങ്ങിയ സ്ഥലങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ കൃതികൾ തമിഴ്, തെലുങ്ക്, കന്നഡ മുതലായ ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി തുടങ്ങിയ കൃതികൾക്ക് ചലച്ചിത്ര ഭാഷ്യമുണ്ടായി. ചുവന്ന മനുഷ്യൻ എന്ന ശാസ്ത്ര ഡിറ്റക്ടീവ് നോവലാണ് ആദ്യകൃതി. സംസ്ഥാനത്തെ എല്ലാ പ്രമുഖ ആഴ്ചപ്പതിപ്പുകളിലും തുടർനോവലുകളെഴുതിയിട്ടുണ്ട്. മുട്ടത്തുവർക്കി, കാനം ഇ.ജെ. ഫിലിപ്പ്, ചെമ്പിൽ ജോൺ തുടങ്ങിയവരായിരുന്നു സമകാലികർ. വഴിമാറി സഞ്ചരിക്കുകയും തന്റേതായ ശൈലി തുടരുകയും ചെയ്‌തു എന്നതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. മറിയാമ്മയാണ് ഭാര്യ. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട്.

കർദ്ദിനാളിന്റെ മരണം, നെപ്പോളിയന്റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ റോഡ്, ലെവൽ ക്രോസ്, ഡ്രാക്കുളയുടെ അങ്കി, ഹിറ്റ്ലറുടെ തലയോട്, മന്ത്രമോഹിനി തുടങ്ങിയവയാണ് പ്രധാന കൃതികൾ.