ഒരു സിഗാർ കിട്ടുമോ സർ, ഒരു ‘ഹാഫ് എ കൊറോണ’ എടുക്കാൻ ?

കോട്ടയം പുഷ്പനാഥ് (ഫയൽ ചിത്രം)

കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകൾ എത്ര ലക്ഷം മലയാളികളെ വായനയുടെ നെഞ്ചിടിപ്പിലേക്ക് കൈപിടിച്ചു കയറ്റിയിട്ടുണ്ടാകും?! പുഷ്പനാഥിന്റെ കുറ്റാന്വേഷകനായ പുഷ്പരാജ് വിചാരിച്ചാൽ പോലും മറുപടി കിട്ടില്ലെന്നറിയാം. ഒരു കാര്യത്തിൽ തർക്കമില്ല. എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും, കേരളത്തിലെ ലൈബ്രറികളിൽ അദ്ദേഹത്തിന്റെ നോവലുകളിരുന്ന ഭാഗം മാറാല പിടിച്ചിരുന്നില്ല.

വില കുറഞ്ഞ കടലാസുകളിലായിരുന്നു അച്ചടിയെങ്കിലും അതിൽ കുത്താനുള്ള സാവകാശം ഒരു പുസ്തകം വെട്ടിപ്പുഴുവിനും ലഭിച്ചില്ല. ആ പുസ്തകങ്ങളൊക്കെ വായനക്കാരിൽ നിന്നു വായനക്കാരിലേക്ക് ഓട്ടത്തോടോട്ടമായിരുന്നു. ഫലമോ, കവർ പോയതും, പലരുപയോഗിച്ച് പിഞ്ചിയതും ആദ്യ പേജിൽത്തന്നെ വായനക്കാർ സസ്പെൻസസ് എഴുതിവച്ചതും കമന്റെഴുതി നിറച്ചതുമായ പുസ്തകങ്ങളായിരുന്നു കിട്ടാനുണ്ടായിരുന്നത്. തികഞ്ഞ പ്രഫഷനലായ എഴുത്തുകാരനായിരുന്നു പുഷ്പനാഥ്. രണ്ടു വീടുകളിലൊന്നു കഥ എഴുതാൻ മാത്രമായി ഉപയോഗിച്ചു. മദ്യമോ പുകയിലയോ സ്പർശിച്ചില്ല. അറുപതുകളിൽ തുടങ്ങിയ രചന. എഴുപതുകളിലെ ജനപ്രിയ സാഹിത്യചക്രവർത്തി. വരഞ്ഞിട്ടതു മുന്നൂറ്റിയൻപതിലേറെ നോവലുകൾ. ആയിരക്കണക്കിനു കഥാപാത്രങ്ങൾ. ലോകമെങ്ങുമുള്ള പല സ്ഥലങ്ങളെ കഥാപശ്ചാത്തലമാക്കി.

കേരളത്തിലെ അന്വേഷണങ്ങൾക്കുള്ള ഡിറ്റക്ടീവായി തന്റെ പേരിനോടു സാമ്യമുള്ള പുഷ്പരാജ് രംഗത്തു വന്നു. കേരളത്തിനു വെളിയിൽ ഡിറ്റക്ടീവ് മാർക്സിൻ. ചില നേരങ്ങളിൽ അദ്ദേഹത്തിനു സഹായിയായി ഡോ. എലിസബത്ത്. ഷെർലക് ഹോംസ് പോലെയുള്ള ലോകത്രില്ലറുകളുടെ ആഖ്യാനത്തിന്റെ ചുവടു പിടിച്ചായിരുന്നു പലതും. എൺപതുകളിൽ ജനപ്രിയ സാഹിത്യം മാന്ത്രിക നോവലുകളിലേക്കു കളംമാറിയപ്പോൾ അവിടെയും ഒരു കൈ നോക്കി.

ഇന്റർനെറ്റില്ലാത്ത കാലത്തു വിദേശപശ്ചാത്തലത്തിൽ നോവലെഴുതാൻ കോട്ടയം പോലൊരു ചെറുപട്ടണത്തിലെ ടിടിസിക്കാരനായ ഈ ഭൂമിശാസ്ത്ര അധ്യാപകന് എന്തായിരുന്നു തുണ? നാഷനൽ ജിയോഗ്രഫിക് മാഗസിനും അന്തമില്ലാത്ത ഭാവനയും മാത്രം. ലളിതഹൃദയമുള്ള സാധാരണക്കാരായ വായനക്കാർ തന്റെ എഴുത്തിലെ ഉദ്വേഗമാണു പ്രതീക്ഷിക്കുന്നതെന്നും അതിന്റെ യുക്തിഭദ്രതയല്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നു. 

ഡ്രാക്കുളയെ മലയാളത്തി‍ൽ അലയാൻ വിട്ടപ്പോൾ... 

ബ്രാം സ്റ്റോക്കറിന്റെ ഒറിജിനൽ ഡ്രാക്കുള വായിച്ചല്ല, കോട്ടയം പുഷ്പനാഥിന്റെ ഡ്രാക്കുള നോവലുകൾ വായിച്ചിട്ടാണ് മലയാളികൾ പേടിച്ചത്. 1922 മുതൽ ഒരു നൂറ്റാണ്ടു കാലത്തിനിടയിൽ, അറുപതോളം ഡ്രാക്കുള സിനിമകൾ പുറത്തു വന്നിട്ടുണ്ട്. മിക്കതും പുഷ്പനാഥ് കണ്ടിട്ടുണ്ട്. ഡ്രാക്കുള ഏഷ്യയിൽ, ഡ്രാക്കുള ബ്രസീലിൽ, ഡ്രാക്കുളയുടെ മകൾ, ഡ്രാക്കുള ഉണരുന്നു, ഡ്രാക്കുളയുടെ നിഴലിൽ, ഡ്രാക്കുള വീണ്ടും വരും... എന്നിങ്ങനെ ഡ്രാക്കുളയെ നായകനാക്കി മലയാളത്തിൽ ആറു ഡിറ്റക്ടീവ് നോവലുകൾ എഴുതിയ മറ്റാരും ഉണ്ടാകാൻ വഴിയില്ല.

ചോരുന്ന വീടുകളിൽ കിടന്നു മഴയ്ക്കും നിലാവിനുമൊപ്പം, കൗമാരക്കാർ, കൂലിവേലക്കാർ, സാധാരണ വായനക്കാർ ഒക്കെ അന്നു ഡ്രാക്കുളയെ പേടിച്ച് ഉറക്കമില്ലാ രാത്രികൾ തള്ളിനീക്കിയതാണ്. ബ്രോം സ്റ്റോക്കറിന്റെ ഡ്രാക്കുള കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്കു തർജമ ചെയ്യുന്ന കാലം. കഥ കേട്ടെഴുതിയെടുക്കാൻ ഒരു സുഹൃത്തിന്റെ സഹായം തേടി. വൈകിട്ട് അഞ്ചു മണിയാകുമ്പോഴേക്കും എഴുത്തു നിർത്തണമെന്നു സുഹൃത്ത് വാശിപിടിക്കും. മൂന്നു കിലോമീറ്റർ അപ്പുറമുള്ള വീട്ടിലേക്ക് ഇരുട്ടും മുൻപ് എത്താനാണത്. കേട്ടെഴുതുന്ന സുഹൃത്തിനു കൈ വിറച്ചു തുടങ്ങിയെങ്കിൽ, ജനം പേടിക്കുമെന്ന് എഴുത്തുകാരന് ഉറപ്പായിരുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിലെ വാചകം പോലെ... 

‘തന്റെ പ്രിയപ്പെട്ട ഹാഫ് എ കൊറോണ ചുണ്ടിൽ തിരുകി സിഗാർ ലൈറ്റർ തെളിയിച്ചു കൊണ്ട് വീണ്ടും പത്രവാർത്തയിലേക്ക് ഡിറ്റക്ടീവ് മാർക്സിൻ ശ്രദ്ധിച്ചു’

ആ നോവലുകൾ ബാക്കി എഴുതപ്പെട്ടാൽ തുടർന്നുള്ള വാചകം ഇങ്ങനെയായേക്കാം: കാർപേത്തിയൻ മലനിരകളും ട്രാൻസിൽവേനിയ താഴ്‍വരയും കടന്ന് എന്റെ സ്രഷ്ടാവ് നിത്യശാന്തിയിലേക്ക് ഇതാ കടന്നിരിക്കുന്നു. ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജിനുമൊപ്പം മലയാളത്തിലെ ലക്ഷോപലക്ഷം വായനക്കാരുടെ കൂപ്പുകൈ, സർ, ഞങ്ങളെ വായനയുടെ ഉദ്വേഗം എന്തെന്നു പഠിപ്പിച്ചതിന്.