ചെങ്ങന്നൂരിന് ശേഷം സിപിഎമ്മിൽ 'മുഖമാറ്റം': നാല് ജില്ലകളിലെ സെക്രട്ടറിമാർ മാറും

തിരുവനന്തപുരത്തെ എകെജി സെന്റർ

തിരുവനന്തപുരം∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുശേഷം നാലു ജില്ലകളിലെ സിപിഎം സെക്രട്ടറിമാര്‍ക്ക് മാറ്റമുണ്ടാകും. ജില്ലാസെക്രട്ടറിമാര്‍ ഉയര്‍ന്ന ഘടകങ്ങളിലേക്കെത്തിയ കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സെക്രട്ടറിമാരാണ് മാറുക. ചെങ്ങന്നൂര്‍ വിധി അനുകൂലമായാല്‍ ഇതിനൊപ്പം ആലപ്പുഴ ജില്ലാസെക്രട്ടറിക്കും മാറ്റമുണ്ടാകും.

അടുത്ത ആഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാകമ്മിറ്റികളും ചേരുന്നുണ്ടെങ്കിലും സെക്രട്ടറിമാരുടെ മാറ്റം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം മതിയെന്നാണ് സംസ്ഥാനസമിതിയിലെ ധാരണ. അടുത്തമാസം ആദ്യം ജില്ലാകമ്മിറ്റികള്‍ ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നേടിയ കൊല്ലം ജില്ലയില്‍ കെ.എന്‍.ബാലഗോപാലനു പകരം കെ.വരദരാജന്റെ പേരിനാണ് മുന്‍തൂക്കം. കണ്‍ട്രോള്‍ കമ്മിഷന്‍ അംഗമായ പി.രാജേന്ദ്രന്റെ പേരും സജീവമാണ്. എറണാകുളത്ത് പി.രാജീവിനു പകരം സി.എന്‍.മോഹനനെ സെക്രട്ടറിയാക്കാനാണ് നീക്കം. കടുത്ത ഔദ്യോഗികപക്ഷക്കാരനായ അദ്ദേഹത്തിനെതിരെ എതിര്‍പ്പുയര്‍ന്നാല്‍ മുന്‍ ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനു നറുക്കുവീണേക്കാം. 

കെ.രാധാകൃഷ്ണന്‍ കേന്ദ്രകമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തൃശൂരിലും മാറ്റം വരുന്നത്. യു.പി.ജോസഫായിരിക്കും പകരമെത്തുക എന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ സംസ്ഥാനസമിതിയംഗമായ എന്‍.ആര്‍.ബാലനും സാധ്യതാപ്പട്ടികയിലുണ്ട്. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സെക്രട്ടറിമാരുടെ മാറ്റം ഉറപ്പാണെങ്കിലും ആലപ്പുഴയില്‍ സ്ഥിതി വ്യത്യസ്തമാണ്.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ നിലവിലെ സെക്രട്ടറി സജി ചെറിയാന്‍ വിജയിച്ചാല്‍ മാത്രമേ അവിടെ മാറ്റമുണ്ടാകൂ. അങ്ങനെയെങ്കില്‍ നിലവില്‍ താല്‍ക്കാലിക ചുമതല വഹിക്കുന്ന ആര്‍.നാസര്‍ തന്നെയായിരിക്കും പുതിയ ജില്ലാ സെക്രട്ടറി. ഈ മാസം പന്ത്രണ്ടിനു തിരുവനന്തപുരത്തു ചേരുന്ന പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആദ്യയോഗം ജില്ലാസെക്രട്ടറിമാരെ സംബന്ധിച്ച് പ്രാഥമിക ധാരണയുണ്ടാക്കും.