ബംഗാളിലും ത്രിപുരയിലും സിപിഎം തോറ്റത് ജനങ്ങൾ ആഗ്രഹിച്ചതിനാൽ: യച്ചൂരി

സീതാറാം യച്ചൂരി (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി∙ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതുകൊണ്ടാണ് ബംഗാളിലും ത്രിപുരയിലും സിപിഎം തോറ്റതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ബംഗാളില്‍ 34 വര്‍ഷത്തെയും ത്രിപുരയില്‍ 25 വര്‍ഷത്തെയും ഇടതുഭരണം അവസാനിച്ചതിന് പല കാരണങ്ങളുണ്ട്. എന്നാൽ ജനങ്ങള്‍ മാറ്റം ആഗ്രഹിച്ചതാണ് ഇതില്‍ പ്രധാനം. ഏഴുതവണ തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് ജയിച്ച മറ്റേതെങ്കിലും പാര്‍ട്ടിയുണ്ടോയെന്നും യച്ചൂരി ചോദിക്കുന്നു.

തൊണ്ണൂറ്റിരണ്ടുകാരനായ മഹാതീര്‍ മുഹമ്മദ് മലേഷ്യയില്‍ ഭരണം പിടിച്ചപ്പോള്‍ പ്രായത്തിന്‍റെ കാര്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍റെ റെക്കോര്‍ഡ് തകര്‍പ്പെട്ടത് വിഷമുണ്ടാക്കി. ഇന്ത്യ ഒരിക്കലും യഥാര്‍ഥ സോഷ്യലിസ്റ്റ് രാജ്യമായിട്ടില്ല. അങ്ങിനെയായിരുന്നെങ്കില്‍ താന്‍ കേന്ദ്ര ഭരണത്തിലോ രാഷ്ട്രപതി ഭവനിലോ ഉണ്ടായിരുന്നേനേയെന്നും യച്ചൂരി പറഞ്ഞു.

സോവിയറ്റ് യൂണിയന്‍ ഞങ്ങളെ സാഹസികരെന്നും ചൈന ഞങ്ങളെ പിന്തിരിപ്പന്മാരെന്നുമാണ് വിളിച്ചത്. ഞങ്ങള്‍ക്ക് ഇരുകൂട്ടരോടും ചായ്‍വില്ല. കമ്യൂണിസത്തിന്‍റെ ഇന്ത്യന്‍ ശൈലിക്കാരാണ് സിപിഎം. മാര്‍ക്സിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് യച്ചൂരി നയം വ്യക്തമാക്കിയത്.