13,000 പേരെ ബി.ടി. പിരിച്ചുവിടും; ലണ്ടനിലെ ആസ്ഥാനമന്ദിരം അടയ്ക്കുന്നു

ലണ്ടനിലെ ബിടി ആസ്ഥാനം.

ലണ്ടൻ∙ ബ്രിട്ടനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബ്രിട്ടിഷ് ടെലികോം (ബി.ടി.)  മൂന്നുവർഷത്തിനുള്ളിൽ 13,000 ജീവനക്കാരെ കുറയ്ക്കുന്നു. കഴിഞ്ഞവർഷം നാലായിരം ജീവനക്കാരെ പിരിച്ചുവിട്ട ബി.ടി.യിൽ ഇതോടെ നാലുവർഷത്തിനുള്ളിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം 17,000 ആകും.

ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായി സെൻട്രൽ ലണ്ടനിലെ സെന്റ് പോൾസിലുള്ള കമ്പനിയുടെ ആസ്ഥാനമന്ദിരം അടച്ചുപൂട്ടാനും തീരുമാനമുണ്ട്. ലണ്ടനു പുറത്തുള്ള ചെറു നഗരങ്ങളിലേക്ക് ആസ്ഥാനമന്ദിരത്തിലെ പ്രവർത്തനങ്ങൾ  പറിച്ചുനടാനാണു തീരുമാനം. ലണ്ടനിലും ഒരു ഓഫിസ് നിലനിർത്തും. 150 വർഷമായി സെന്റ് പോൾസിൽ പ്രവർത്തിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ പ്രവർത്തനമാണ്  ഇവിടെനിന്നും ഘട്ടങ്ങളായി മാറ്റുന്നത്. 1874 ലാണ് ലണ്ടൻ ആസ്ഥാനമായി ബി.ടി. പ്രവർത്തനം ആരംഭിക്കുന്നത്. 

ബ്രിട്ടണിൽ ബി.ടി.ക്ക് 83,000 ജീവനക്കാരാണുള്ളത്. മറ്റു രാജ്യങ്ങളിൽ 23,000 പേരും. ഇവരിൽനിന്നാണ് 13,000 പേരെ പിരിച്ചുവിടുന്നത്. ഓഫിസ് ജോലിക്കാരും മിഡിൽ മാനേജ്മെന്റ് ഗ്രേഡിൽ പെട്ടവരുമായിരിക്കും ഇവരിലേറെയും. 13,000 പേരെ പിരിച്ചുവിടുന്ന കമ്പനി അതേസമയം കസ്റ്റമർ സർവീസ്, എൻജിനീയറിങ് വിഭാഗത്തിലേക്ക് പുതുതായി റിക്രൂട്ട്മെന്റും നടത്തുന്നുണ്ട്. ആറായിരം പേരെ ഈ വിഭാഗങ്ങളിൽ പുതുതായി നിയമിക്കാനാണ് തീരുമാനം.