കർണാടക തിരഞ്ഞെടുപ്പ്: കനത്ത സുരക്ഷ; രംഗത്ത് 1.4 ലക്ഷം സേനാംഗങ്ങൾ

വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിന് സുരക്ഷയൊരുക്കുന്ന മിസോറം പൊലീസ് ഉദ്യോഗസ്ഥർ

ബെംഗളൂരു ∙ വോട്ടെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷ 1.4 ലക്ഷം പൊലീസ് –അർധ സൈനിക സേനാംഗങ്ങളുടെ കയ്യിൽ ഭദ്രമെന്ന് ഡിജിപി നീലമണി എൻ.രാജു.

കർണാടക പൊലീസ്, മറ്റു സംസ്ഥാനങ്ങളുടേത് ഉൾപ്പെടെയുള്ള ആംഡ് റിസർവ് പൊലീസ്, ഹോം ഗാർഡ്സ്, കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ബിഎസ്എഫ്, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, സിഐഎസ്എഫ്, ധ്രുതകർമ്മ സേന, സീമ സുരക്ഷാ ദൾ എന്നീ വിഭാഗങ്ങളാണ് സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്താൻ രംഗത്തുള്ളത്. 584 കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ മാസം തന്നെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു.

പോളിങ് സാമഗ്രികളുമായി വിവിധ ബൂത്തുകളിലേക്ക് പുറപ്പെടുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: ഭാനു പ്രകാശ് ചന്ദ്ര∙ ദ് വീക്ക്

കഴിഞ്ഞ ജനുവരി 17 മുതൽ തിരഞ്ഞെടുപ്പിനുവേണ്ട സുരക്ഷാ തയാറെടുപ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നതായി ഡിജിപി വ്യക്തമാക്കി. മാർച്ച് 27ന് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ സുരക്ഷാ സജ്ജീകരണങ്ങളെ കുറിച്ച് ദൈനംദിന വിലയിരുത്തൽ നടത്തി തിരഞ്ഞെടുപ്പു കമ്മിഷനും സമർപ്പിച്ചിരുന്നു. മറ്റു കർണാടകയിലെ പൊലീസ് സേനാംഗങ്ങളുടെ ചുമതല ക്രമസമാധാന ചുമതലയുള്ള എജിഡിപി കമാൽ പാന്തിനാണ്. 

∙ പ്രശ്നബാധിത ബൂത്തുകളുള്ള മംഗളൂരു, മണ്ഡ്യ, ബെംഗളൂരു റൂറൽ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ ധ്രുതകർമ സേനയെ വിന്യസിച്ചിട്ടുണ്ട്.

∙ 12000 ബുത്തുകൾ അതീവപ്രശ്നബാധിതം. ഇതുൾപ്പെടെ 21467 ബൂത്തുകളിൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.

∙ ബെംഗളൂരുവിന്റെ സുരക്ഷയ്ക്ക് 45 കമ്പനി സിആർപിഎഫും 53 പ്ലാറ്റൂൺ കർണാടക സ്റ്റേറ്റ് റിസർവ് പൊലീസും ഒരു കമ്പനി ധ്രുതകർമ സേനയും.