നാലു ജില്ലകളിൽ ഇടിമിന്നലും കാറ്റും മഴയും; കേരളത്തിനു കാലാവസ്ഥാ മുന്നറിയിപ്പ്

ഈറനണിഞ്ഞ് ... വേനൽചൂടിനു ആശ്വാസമായി വെള്ളിയാഴ്ച രാത്രി മഴ വീണ്ടും പെയ്തിറങ്ങിയപ്പോൾ. കണ്ണൂരില്‍ നിന്നൊരു കാഴ്ച. ചിത്രം: ധനേഷ് അശോകൻ

ന്യൂഡൽഹി∙ സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ടോടെ ഇടുക്കി,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണു മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴ ഉടൻ എത്തുമെന്നാണു നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

അതേസമയം ഉത്തരേന്ത്യയിൽ ഞായറാഴ്ച ഇടിയും കൊടുങ്കാറ്റോടും കൂടിയ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായിരിക്കും കാറ്റും മഴയും ആഞ്ഞടിക്കുക. രാജസ്ഥാനിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മണൽക്കാറ്റ് ശക്തമായി തുടരും. കാലാവസ്ഥയിലുണ്ടാകുന്ന പുതിയ മാറ്റം ഞായറാഴ്ച മുതൽ പ്രകടമാകും.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലായിരിക്കും മഴ കനക്കുക. കേരളത്തിൽ ഉൾപ്പെടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും മിന്നലും കാറ്റും ഉണ്ടാകുമെന്നും നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കാറ്റിന് 50 മുതൽ 70 കിലോമീറ്റർ വരെയായിരിക്കും മണിക്കൂറിൽ വേഗം. ഉത്തർപ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയും കാറ്റും ലഭിക്കും.

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, പടിഞ്ഞാറൻ ഉത്തർ പ്രദേശ്, വിദർഭ, ചത്തിസ്ഗഢ്, ബിഹാർ, തെലങ്കാന, ആന്ധ്രയുടെ വടക്കൻ തീരം, കർണാടകയുടെ തെക്ക്, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റും ഇടിമിന്നലുമുണ്ടാകും.

രാജസ്ഥാനിലും മധ്യപ്രദേശിലും വിദർഭയിലും ശക്തമായ ചൂടുകാറ്റും രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ശക്തിയേറിയ ചൂട് മഹാരാഷ്ട്രയിലെ ചന്ദ്രപുറിൽ രേഖപ്പെടുത്തി. 47.3 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. തൊട്ടപ്പുറത്തുള്ള ബ്രഹ്മപുരിയിൽ 46.7 ഡിഗ്രിയാണു ചൂട്. ലോകത്തിൽ ഏറ്റവും ശക്തിയേറിയ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ ഇപ്പോൾ ചന്ദ്രപുറും ബ്രഹ്മപുരിയുമാണ്.