Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റോവീറ്റ്സ പറയുന്നു, കരുതിയിരിക്കണം

sun-storm പ്രതീകാത്മക ചിത്രം

കഴിഞ്ഞ ദിവസം പോളണ്ടിലെ കാറ്റോവീറ്റ്സയിൽ സമാപിച്ച ലോക കാലാവസ്ഥാ ഉച്ചകോടി, ഭാവിയുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള അവസാന പ്രതീക്ഷകളിലൊന്നായിരുന്നു. ആഗോളതാപനത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കലും പരസ്പരം ഉപദേശവുമല്ലാതെ, അതിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഞങ്ങൾ മുന്നിൽനിൽക്കാം എന്ന് വൻശക്തികളാരും പ്രഖ്യാപിച്ചില്ല. പ്രത്യേകിച്ച് ആഗോളതാപനമെന്ന വിപത്തിൽ വലിയ പങ്കുവഹിക്കുന്ന യുഎസും ചൈനയും പോലുള്ള വികസിതരാജ്യങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനായി വികസ്വരരാഷ്ട്രങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് വികസിതരാജ്യങ്ങളെ ചുമതലപ്പെടുത്തുന്ന നയം ഉച്ചകോടിയിൽ അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള പദ്ധതികൾക്ക് സ്വന്തം പണം കണ്ടെത്തേണ്ടിവരുമെന്നതാണ് ഇതിന്റെ അനന്തരഫലം.  കാലാവസ്ഥാമാറ്റത്തിന്റെ ഗൗരവം വികസിതരാജ്യങ്ങൾ ഇപ്പോഴും വേണ്ടത്ര ഗൗരവത്തോടെ എടുത്തിട്ടില്ല എന്ന വിലയിരുത്തലാണ് ഉച്ചകോടി സമാപിക്കുമ്പോൾ ഉയരുന്നത്. ഇത് അവരെളെക്കാളേറെ ബാധിക്കുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെയാണ്. സമ്പത്തിന്റെ വലിയ പങ്ക് കാലാവസ്ഥാമാറ്റങ്ങളെ ചെറുക്കാൻ മാറ്റിവയ്ക്കേണ്ടിവരും.

ആഗോളതാപനം തടയാനുള്ള പാരിസ് കരാറിലെ ചില വ്യവസ്ഥകളിൽ മാറ്റംവരുത്തിയതും ഉച്ചകോടിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു. ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം പാരിസ് ഉടമ്പടിയിൽനിന്ന് യുഎസ് പിന്മാറിയതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങൾ. മൂന്നുവർഷം നീണ്ട ചർച്ചകൾക്കൊടുവിൽ പാരിസ് ഉടമ്പടി നടപ്പിലാക്കാനുള്ള നിയമപരമായ ചട്ടക്കൂട് (പാരിസ് റൂൾ ബുക്ക്) അംഗീകരിക്കാൻ രാഷ്ട്രങ്ങൾ ധാരണയിലെത്തിയതു മാത്രമാണ് ഉച്ചകോടിയിൽനിന്നുള്ള ആശ്വാസവാർത്ത.

കാലാവസ്ഥാവ്യതിയാനത്തെ എങ്ങനെ ചെറുക്കണമെന്ന് ചർച്ച ചെയ്യുന്ന വേദിയായ യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ ഉച്ചകോടിയായ ‘കോൺഫറൻസ് ഓഫ് പാർട്ടീസി’ൽ മൂന്നു വർഷം മുൻപ്, ആഗോള താപനില വർധന രണ്ടു ഡിഗ്രി സെൽഷ്യസിനു താഴെയായി നിയന്ത്രിക്കാൻ ധാരണയായിരുന്നു. ഇതാണ് പിന്നീട് പാരിസ് കാലാവസ്ഥാ ഉടമ്പടി എന്ന പേരിൽ പ്രസിദ്ധമായത്.  കാറ്റോവീറ്റ്സ ഉച്ചകോടിയുടെ ഒരു മുന്നറിയിപ്പ് ഗൗരവത്തോടെ കാണേണ്ടതാണ് – നിലവിലെ വികസനരീതിയിൽ മുന്നോട്ടുപോയാൽ ഭൂമി വളരെ പെട്ടെന്നുതന്നെ വാസയോഗ്യമല്ലാതാകും. കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിച്ചുതുടങ്ങിയ കേരളത്തെപ്പോലൊരു സംസ്ഥാനം അതീവജാഗ്രതയോടെ വേണം ഈ മുന്നറിയിപ്പിനെ സമീപിക്കേണ്ടത്. കേരളം ഒരിക്കലും മറക്കാനിടയില്ലാത്ത വർഷമാണ് 2018.

ഏപ്രിൽ മാസത്തിൽ 10 ജില്ലകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീവ്രമായ മഴയ്ക്കും പ്രളയത്തിനും നാം സാക്ഷ്യം വഹിച്ചത്. അറബിക്കടലിൽ ചൂട് കൂടുന്നതിന്റെ ഫലമായി ചുഴലിക്കാറ്റുകൾ പതിവാകുന്നു. താപനിലയിലെ മാറ്റം നമ്മുടെ കൃഷിയെയും കൂടുതലായി ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാവ്യതിയാന സെക്രട്ടേറിയറ്റ്, കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം അതിതീവ്ര കാലാവസ്ഥ പ്രതിഭാസങ്ങളെ ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായാണു വിലയിരുത്തുന്നത്.
മാനുഷിക ഇടപെടൽ മൂലമുണ്ടാകുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനമെന്ന ശാസ്ത്രസത്യവും നമ്മളെ ബാധിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഇനി കഴിയില്ല. ഈ പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്നതിൽ നമ്മുടെ പങ്ക് എന്താണെന്നു മനസ്സിലാക്കാൻ, നമ്മുടെതന്നെ വാർഷിക ‘കാർബൺ ഫുട്പ്രിന്റ്’ സഹായിക്കും. ഊർജ ഉപയോഗം, ഗതാഗതം, മാലിന്യസംസ്കരണം തുടങ്ങിയവയിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ അളവാണ് ‘കാർബൺ കാലടിപ്പാടു’കളായി കണക്കാക്കുന്നത്.

മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഇന്ത്യയുടെ ആളോഹരി കാർബൺ ബഹിർഗമനം കുറവാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മലയാളികളുടെ ജീവിതശൈലിയും കേരളത്തിലെ അടിസ്ഥാന സൗകര്യവികസനവും ആളോഹരി വരുമാനവും ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ കാലാവസ്ഥാവ്യതിയാന പ്രതിരോധ നടപടികളിൽ കാര്യമായ സംഭാവന, കേരളത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്.

carbon emission

പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണം സുസ്ഥിരവികസന മാതൃകയിൽ ആയിരിക്കുമെന്നാണു സർക്കാരിന്റെ ഉറപ്പ്. അതിനായി ഓരോ മേഖലയിലെ പുനർനിർമാണവും നമ്മുടെ ഭാവി വികസനവും കാർബൺ തുലിതം (കാർബൺ ന്യൂട്രൽ) ആകേണ്ടതുണ്ട്. അതായത്, ഓരോ വികസന പ്രവർത്തനത്താലും പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവ് തിട്ടപ്പെടുത്തി, അത്രതന്നെ കാർബൺ പ്രകൃതിയിലേക്ക് ആഗിരണം ചെയ്യാനുള്ള സൗകര്യമൊരുക്കണം. ഈയിടെ, മലയാള മനോരമയുടെ നേതൃത്വത്തിൽ നടന്ന ‘കേരളം നാളെ’ വികസന ഉച്ചകോടിയിലും ഈ നിർദേശം ഉയർന്നിരുന്നു. 2030 ആകുമ്പോഴേക്കും സമ്പൂർണ കാർബൺ തുലിത സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന നിർദേശമാണ് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഉച്ചകോടിയിൽ മുന്നോട്ടുവച്ചത്.

വയനാട് ജില്ലയിലെ മീനങ്ങാടിയെ കാർബൺ തുലിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കണം.
ആദ്യപടിയായി നിലവിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവു കണ്ടെത്തണം. അതിനുശേഷം സസ്യജാലങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ടിട്ടുള്ള കാർബണിന്റെ അളവും കണ്ടെത്തണം. നിലവിൽ ഒരു സംസ്ഥാനവും ഇത്തരമൊരു കണക്കെടുപ്പു നടത്തിയിട്ടില്ല. പുതിയ സംസ്ഥാന കാലാവസ്ഥാവ്യതിയാന നടപടി റിപ്പോർട്ടിൽ ഇത് ഉൾക്കൊള്ളിക്കണം. പെട്രോൾ, ഡീസൽ വാഹനങ്ങൾക്കു പകരം വൈദ്യുതിവാഹനങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന്റെ വേഗം വർധിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ട മറ്റൊരു കാര്യം.

പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കണം. സിഎൻജി, എൽഎൻജി എന്നിവയുടെ ഉപയോഗവും പ്രോൽസാഹിപ്പിക്കപ്പെടണം. സിയാൽ മാതൃകയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ സൗരോർജത്തിലേക്കു മാറണം. സ്വകാര്യസ്ഥാപനങ്ങളെയും ഗാർഹിക ഉപഭോക്താക്കളെയും സൗരോർജത്തിലേക്കു മാറാൻ പ്രോൽസാഹിപ്പിക്കുകയും വേണം.

(കേരള ദുരന്തനിവാരണ അതോറിറ്റിയിൽ ഹസാഡ് അനലിസ്റ്റാണ് ലേഖകൻ)