കോട്ടയം പാതയിൽ ട്രെയിനുകൾ ഓടിത്തുടങ്ങി; വീടെത്താനാകാതെ യാത്രക്കാർ

പ്രതീകാത്മക ചിത്രം.

കോട്ടയം∙ കനത്ത മഴയിലും കാറ്റിലും വൈദ്യുതിലൈനിൽ മരം വീണ് കോട്ടയം– എറണാകുളം പാതയിൽ രണ്ടു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തുനിന്നു റെയിൽവേ ജീവനക്കാർ എത്തി മരം വെട്ടി നീക്കിയശേഷം രാത്രി എട്ടരയോടെയാണു ഗതാഗതം പുനഃസ്ഥാപിച്ചത്. കുറുപ്പന്തറ – കടുത്തുരുത്തി സ്റ്റേഷനുകൾക്കിടയിൽ വാലാച്ചിറയ്ക്കു സമീപം വൈകിട്ട് ആറരയോടെയാണു മരം വീണത്.

വൈക്കത്തിനും കുറുപ്പന്തറയ്ക്കും മധ്യേയുള്ള റെയിൽവേ വൈദ്യുതി ലൈനിലേക്കാണു മരം വീണത്.
ഇതോടെ വൈദ്യുതി വിതരണം മുടങ്ങി. 6.50ന് എത്തിയ വേണാട് എക്സ്പ്രസ് കടുത്തുരുത്തി സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഏറ്റുമാനൂർ – വൈക്കം റോഡ് സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതിബന്ധം നിലച്ചതോടെ വിവിധ ട്രെയിനുകൾ ഏറ്റുമാനൂരിലും പിറവം റോഡിലുമായി പിടിച്ചിടേണ്ടി വന്നു.

വേണാട് എക്സ്പ്രസ് കൂടാതെ, കൊച്ചുവേളി – ബിക്കാനിയർ എക്സ്പ്രസ് ഏറ്റുമാനൂരിലും നാഗർകോവിൽ – കോട്ടയം പാസഞ്ചർ ചങ്ങനാശ്ശേരിയിലും ഏറെനേരം പിടിച്ചിട്ടു. ശനിയാഴ്ച വൈകിട്ടായതിനാൽ ട്രെയിനുകളിൽ നല്ല തിരക്കായിരുന്നു. സ്റ്റേഷനുകളിൽ നിന്നകലെ വിജനമായ സ്ഥലത്തു ട്രെയിൻ നിർത്തിയിട്ടതു മൂലം യാത്രക്കാർക്കു പുറത്തിറങ്ങാനുമായില്ല.

അതേസമയം ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.