സബ് റജിസ്ട്രാർ ഓഫിസിന് മിന്നലേറ്റു; റജിസ്ട്രേഷൻ മുടങ്ങി

കണ്ണൂർ∙ ഇടിമിന്നലിൽ  മോഡം തകരാറിലായതോടെ കാടാച്ചിറ സബ്റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മുടങ്ങി. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തിയവർ നിരാശരായി മടങ്ങി. ഇതുവരെ  തകരാർ പരിഹരിക്കാനോ പകരം സംവിധാനമൊരുക്കാനോ സാധിച്ചിട്ടില്ല. നാളെ  ഓഫിസിന്റെ പ്രവർത്തനം സുഗമമായി നടക്കുമോ എന്ന ആശങ്കയിലാണു ജീവനക്കാർ.

ഇന്നലെ രാത്രിയാണ്  ഇടിമിന്നലിൽ സബ് റജിസ്ട്രാർ ഓഫിസിലെ മോഡം തകരാറിലായത്. ഇന്നലെ തകരാർ ശ്രദ്ധയിൽ പെട്ട   മോഡത്തിന്റെ പരിപാലനച്ചുമതലുയള്ള സ്വകാര്യ ഏജൻസിയെ വിവരമറിയിച്ചു. ഇവർ വന്നു പരിശോധിച്ചെങ്കിലും പ്രശ്നം പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നായിരുന്നു മറുപടി. അതുവരെ പകരം മോഡം സ്ഥാപിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെയും  റജിസ്ട്രേഷൻ മുടങ്ങും. 

രണ്ടുദിവസത്തെ അവധി കഴിഞ്ഞുള്ള പ്രവൃത്തിദിനമായതിനാൽ ഇന്ന് ഓഫിസിൽ നല്ല തിരക്കുണ്ടായിരുന്നു. ആധാരം റജിസ്ട്രേഷൻ, കുടിക്കിട സർട്ടിഫിക്കറ്റ്, ബാധ്യതാ സർട്ടിഫിക്കറ്റുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെല്ലാം ഓൺലൈൻ റജിസ്ട്രേഷൻ നടക്കില്ലെന്നറിഞ്ഞതോടെ നിരാശരായി മടങ്ങി.