ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; ഉത്തരേന്ത്യയിൽ മരണം 71

ഡൽഹിയിൽ കനത്ത കാറ്റിൽ റോഡിലേക്കു മരം കടപുഴകി വീണപ്പോൾ.

ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത ഇടിമിന്നലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 71 ആയി. ഉത്തർപ്രദേശിൽ മാത്രം 42 പേരാണു മരിച്ചത്. 14 പേർ ബംഗാളിലും 12 പേർ ആന്ധ്രയിലും രണ്ടു പേർ ഡൽഹിയിലും ഒരാൾ ഉത്തരാഖണ്ഡിലും മരിച്ചു. ഉത്തർപ്രദേശിൽ 83 പേർക്കു പരുക്കേറ്റു. ഡൽഹിയിൽ 11 പേർക്കും ഉത്തരാഖണ്ഡിൽ രണ്ടു പേര്‍ക്കും പരുക്കേറ്റു.

ഉത്തർപ്രദേശിൽ 24 ജില്ലകളിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ബംഗാളിൽ ആറിടത്തും ആന്ധ്രയിൽ മൂന്നിടത്തും ഡൽഹിയിൽ രണ്ടിടത്തും ഉത്തരാഖണ്ഡിൽ ഒരിടത്തുമായിരുന്നു കൊടുങ്കാറ്റു വീശിയത്. ഡൽഹിയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസം മുതൽ ശക്തമായ പൊടിക്കാറ്റും വീശുന്നുണ്ട്.

കേരളം, തമിഴ്നാട്, കർണാടക ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വൈകിട്ട് ഇടിയോടു കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.