ന്യൂനമർദം വികാസം പ്രാപിക്കുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി∙ അറബിക്കടലിൽ ലക്ഷദ്വീപിനു സമീപവും അറേബ്യൻ ഉപദ്വീപിന്റെ പരിസരഭാഗത്തും ന്യൂനമർദം വികാസം പ്രാപിക്കുന്നതായി മുന്നറിയിപ്പ്. ഇതു തിങ്കൾ രാത്രിയോടെയോ ചൊവ്വയോടെയോ ശക്തി പ്രാപിച്ചു യെമൻ ഭാഗത്തേക്കു നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നത് അഭികാമ്യമല്ല. ലക്ഷദ്വീപിന്റെയും അറേബ്യൻ ഉപദ്വീപിന്റെയും ഇടയിലുള്ള ഭാഗത്തേക്കും ചൊവ്വാ രാത്രി വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം നിർദേശിച്ചു. തുടർ വിശകലനത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.