അവകാശം ഉന്നയിച്ച് ഇരുപക്ഷവും; കർണാടകയിൽ ഗവർണറാണ് ‘കിങ് മേക്കർ’

ഗവർണറെ കാണുന്നതിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ ബി.എസ്.യെഡിയൂരപ്പയും മറ്റു നേതാക്കളും

ബെംഗളൂരു ∙ തിരഞ്ഞെടുപ്പു ഫലസൂചനകൾ പുറത്തുവന്നതിനു പിന്നാലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ അരങ്ങു തകർത്ത കർണാടകയിൽ ‘കിങ് മേക്കറാ’യി ഗവർണർ വാജുഭായി വാല. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്– ജെഡിഎസ് സഖ്യവും ബിജെപിയും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ആരെ ക്ഷണിക്കുമെന്ന കാര്യത്തിൽ ഗവർണറുടെ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ചത്തെ സമയമാണ് ബിജെപി തേടിയിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്കു തന്നെ ഗവർണർ ക്ഷണം നീട്ടുമെന്നാണ് സൂചന.

കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ബിജെപി നേതാക്കൾ തിരക്കിട്ട് ഗവർണറെ കണ്ടത്. തൊട്ടുപിന്നാലെ കോൺഗ്രസ്– ജെഡിഎസ് നേതാക്കളും ഗവർണറെ കണ്ടു. കർണാടകയിൽ കോൺഗ്രസ്– ജെഡിഎസ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിക്കൊപ്പം ഗവർണർ വാജുഭായി വാലയെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മല്ലികാർജ്ജുന ഖാർഗെയും കുമാരസ്വാമിയും സിദ്ധരാമയ്യയും ഗുലാംനബി ആസാദും ഗവർണറെ കാണാൻ രാജ്ഭവനിലെത്തിയപ്പോൾ.

ബിജെപിക്കു ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് സഖ്യം ചേർന്ന് മന്ത്രിസഭ രൂപീകരിക്കാൻ ജെഡിഎസും കോൺഗ്രസും ചേർന്ന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോൺഗ്രസ് – ജനതാദൾ ധാരണ ഇങ്ങനെയെന്നാണു വിവരം:

∙ മുഖ്യമന്ത്രിസ്ഥാനം ജനതാദൾ സംസ്ഥാനാധ്യക്ഷൻ കുമാരസ്വാമിക്ക്.
∙ ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന്, 20 മന്ത്രിമാരും. ദളിനു 14 മന്ത്രിമാർ.
∙ പുറത്തു നിന്നുള്ള പിന്തുണ പോരാ, സർക്കാരിൽ കോൺഗ്രസ് വേണമെന്നു ദേവെഗൗഡ.

ബിജെപി പാളയത്തിൽ നടക്കുന്നത്:

∙ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കർണാടകയിലേക്ക്. കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ സജീവം.
∙ ജനതാദളിനു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തേക്കും.
∙ ജനതാദൾ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റി അടർത്താൻ ശ്രമിച്ചേക്കും.
∙ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വസതിയിൽ ചർച്ച ചൂടുപിടിക്കുന്നു.
∙ സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു ഗവർണറെ കാണുമെന്നു ബിജെപിയും.

ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയും മകനും സംസ്ഥാനാധ്യക്ഷനുമായ കുമാരസ്വാമിയുമായി ഫോണിൽ ചർച്ച നടത്തിയതായി ഗുലാംനബി ആസാദ് പറഞ്ഞു. സഖ്യത്തിനു ഗൗഡകുടുംബം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിക്കു മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു സോണിയാ ഗാന്ധിയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് തുടക്കമിട്ടത്. നൂറിലധികം സീറ്റുകൾ നേടിയിട്ടും ബിജെപിക്കു കേവല ഭൂരിപക്ഷം നേടാനാകാതെ വന്നതോടെയാണ് കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിനു വഴിതുറന്നത്. ഇരു പാർട്ടികളും സഖ്യത്തിലായാൽ നിലവിലെ സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

അതേസമയം, 2013 നേക്കാൾ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയാണ് ബിജെപി കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. തന്ത്രങ്ങളെല്ലാം പിഴച്ച കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് തകർന്നടിഞ്ഞു. 222 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ അൻപതോളം സീറ്റുകളാണ് കോൺഗ്രസിന് കുറവുണ്ടായത്. ലീഡ് നില ഇങ്ങനെ:

ബിജെപി (104), കോൺഗ്രസ് (78), ജെഡിഎസ് (38), മറ്റുള്ളവർ (2). 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തവണ വെറും 40 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

വോട്ടണ്ണലിന്റെ തൽസമയ വിവരങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ മനോരമ ആപ്പ് അപ്ഡേറ്റ് ചെയ്യുക. ആപ് ഡൗൺലോഡ്/അപ്ഡേറ്റ് ചെയ്യാൻ mobile.manoramaonline.com സന്ദർശിക്കുക.