ലൈംഗികാരോപണങ്ങൾ റിപ്പോർട്ടിൽനിന്ന് നീക്കി: സോളറിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസം

ഉമ്മൻ ചാണ്ടി

കൊച്ചി∙ സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശ്വാസം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകൾ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് നീക്കിയത്. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങൾ കമ്മിഷന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്‍ റിപ്പോർട്ടിൽ ഇതുസംബന്ധിച്ച ഭാഗങ്ങളിൽ ഭേദഗതി വരുത്തി. എന്നാൽ അന്വേഷണത്തിൽ തടസ്സമില്ലെന്നും കോടതി അറിയിച്ചു.

വിധിന്യായം വായിക്കാം

സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും ഒഴിവാക്കി വേണം സർക്കാർ റിപ്പോർട്ട് പരിഗണിക്കാൻ. തുടർനടപടിയെടുക്കുകയോ പത്രക്കുറിപ്പ് ഇറക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു പ്രകാരം പുതുക്കണമെന്നും കോടതി നിർദേശിച്ചു. സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ, സർക്കാർ ഏൽപിച്ച പരിഗണനാവിഷയങ്ങൾ മറികടന്നുവെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രധാന ആക്ഷേപം.

ഉമ്മൻചാണ്ടിയുടെ ഹർജി ഭാഗികമായി അനുവദിച്ച കോടതി, അതേസമയം, മുൻമന്ത്രി തിരുവഞ്ചൂർ നൽകിയ ഹർജി തള്ളി. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ കേസിൽനിന്നു സംരക്ഷിക്കാൻ ശ്രമിച്ചുവെന്നായിരുന്നു തിരുവഞ്ചൂരിനെതിരായ ആക്ഷേപം. കമ്മിഷന്റെ പരാമർശങ്ങൾ തന്റെ സൽക്കീർത്തിയെ ബാധിക്കുന്നതും അനാവശ്യവും മൗലികാവകാശ ലംഘനവുമാണെന്നാരോപിച്ചായിരുന്നു തിരുവഞ്ചൂരിന്റെ ഹർജി.

കമ്മിഷന്റെ കണ്ടെത്തലുകൾ ഇങ്ങനെ:

സോളർ തട്ടിപ്പു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവാദിയെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ജനങ്ങളെ കബിളിപ്പിക്കുന്നതിൽ യുഡിഎഫ് സർക്കാർ കൂട്ടുനിന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളർ തട്ടിപ്പുകേസിൽ ഉത്തരവാദികളാണ്. അന്നത്തെ ആഭ്യന്തര – വിജിലൻസ് വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസിൽ സ്വാധീനം ചെലുത്തി ഉമ്മൻ ചാണ്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

പിന്നാലെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മൻ ചാണ്ടിക്കും നാലു മുൻ മന്ത്രിമാർ, പ്രമുഖ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം മറ്റ് 21 പേർക്കുമെതിരെ ക്രിമിനൽ, വിജിലൻസ് കേസ് നടപടികൾക്കു മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. സോളർ കേസിൽ പ്രതിയായി ജയിലിൽ കഴിയുമ്പോൾ സരിത എസ്. നായർ എഴുതിയെന്നു കരുതുന്ന കത്തിൽ പേരുൾപ്പെട്ട, ഉമ്മൻ ചാണ്ടിയടക്കമുള്ള 14 പേർക്കെതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്താനും തീരുമാനിച്ചിരുന്നു.