കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി ഭരണം; നിർണായകമായി സോണിയയുടെ തുറുപ്പ്

എച്ച്.ഡി. കുമാരസ്വാമി, സോണിയാ ഗാന്ധി

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട കോൺഗ്രസ് ഭരണം നിലനിർത്താൻ തീവ്രശ്രമത്തിന്റെ ഭാഗമായാണ് ജെഡിഎസുമായി കൂട്ടുചേരുന്നത്. മൂന്നു സംസ്ഥാനത്തു മാത്രം ഭരണമുള്ള കോൺഗ്രസിന് കർണാടക കൂടി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലുമാകില്ല. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ട് കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ്–ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിക്കാനുള്ള ഫോർമുല മുന്നോട്ടുവച്ചത്. കോൺഗ്രസിൽനിന്ന് ദലിത് വിഭാഗത്തിൽപ്പെട്ടയാളെ ഉപമുഖ്യമന്ത്രിയാക്കുകയെന്ന തന്ത്രവും പരിഗണനയിലുണ്ട്.

നാൽപതോളം സീറ്റുകളുമായി നിർണായക സാന്നിധ്യമായി മാറിയ ജെഡിഎസിനെ കൂട്ടുപിടിച്ച് സംസ്ഥാനത്ത് ഭരണം നിലനിർത്താമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. കോൺഗ്രസുമായി സഖ്യം ചേരുന്നതിനോട് ജെഡിഎസിനും അനുകൂല നിലപാടാണ്. അതേസമയം, ജെഡിഎസിനെ ചാക്കിലാക്കാനുള്ള തീവ്രശ്രമമവുമായി ബിജെപിയും രംഗത്തുണ്ട്. ആദ്യഫല സൂചനകളിൽ കേവലഭൂരിപക്ഷം ഉറപ്പിച്ച ബിജെപി നേതാക്കൾ സഖ്യത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു.

അതേസമയം, കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജെഡിഎസിനു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വര വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായി ഗുലാം നബി ആസാദാണ് സഖ്യചർച്ചകൾക്കു നേതൃത്വം നൽകുന്നത്. സോണിയ ഗാന്ധിയുടെ ആശീർവാദവും ഈ നീക്കത്തിനുണ്ട്.

ഇതനുസരിച്ച് ഗുലാംനബി ആസാദ് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തി. ഇതിനു പിന്നാലെ സോണിയാ ഗാന്ധി ഫോൺ മുഖേനയും ദേവെഗൗഡയുമായി സംസാരിച്ചു. വോട്ടെടുപ്പു ചിത്രം വ്യക്തമായ സാഹചര്യത്തിൽ ദേവഗൗഡ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഫലം പൂർണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കൾ ആദ്യം മുതലേ കൈക്കൊള്ളുന്നത്.

ഫലസൂചനകൾ ഏതാണ്ട് വ്യക്തമാകുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 സീറ്റുകൾ ബിജെപിക്ക് ലഭിക്കാൻ സാധ്യത വിരളമാണ്. നിലവിൽ 106–107 സീറ്റുകൾ എന്ന നിലയിലാണ് ബിജെപി മുന്നേറ്റം. കോൺഗ്രസ്, ജെഡിഎസ് ഇതര കക്ഷികളെ കൂട്ടുപിടിച്ചാലും നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് 113 എന്ന മാന്ത്രികസംഖ്യയിലെത്താനാകില്ല. നിലവിലെ ലീഡുനില അനുസരിച്ച് കോൺഗ്രസും ജെഡിഎസും ഒന്നിച്ചാൽ ഭരണം കിട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഇതു മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം, ഇന്നു നാലു മണിയോടെ രാജി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.