പുടിനെതിരെ പ്രക്ഷോഭം: റഷ്യൻ പ്രതിപക്ഷനേതാവ് നാവൽനി ജയിലിൽ

അലെക്സി നാവൽനി

മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സ്ഥാനാരോഹണത്തിനെതിരെ കഴിഞ്ഞ മേയ് അഞ്ചിനു രാജ്യവ്യാപകപ്രക്ഷോഭം സംഘടിപ്പിച്ചതിനു പ്രതിപക്ഷനേതാവ് അലെക്സി നാവൽനിക്കു 30 ദിവസം ജയിൽശിക്ഷ. മോസ്കോ കോടതിയാണു ശിക്ഷ വിധിച്ചത്. നാവൽനി അടക്കം 1600 ഓളം പ്രക്ഷോഭകരെ പുടിൻ വിരുദ്ധ പ്രക്ഷോഭം നടത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. പുടിൻ നാലാമതും അധികാരത്തിലേറിയതിനെ തുടർന്ന് 90 ലേറെ പട്ടണങ്ങളിൽ നാവൽനി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ‘പുടിൻ നമ്മുടെ സാറല്ല’ എന്ന മുദ്രാവാക്യവുമായാണ് പുടിന്റെ ഏകാധിപത്യത്തിനെതിരെ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. 

പ്രക്ഷോഭത്തിനിടെ സുരക്ഷാപാലകരുടെ നിർദേശങ്ങൾ അനുസരിക്കാൻ നാവൽനി കൂട്ടാക്കിയില്ലെന്ന പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.  കുറ്റം തെളിഞ്ഞാൽ 15 ദിവസം ജയിൽശിക്ഷ വേറെ ലഭിക്കും.