പിഎസ്‍സി പരീക്ഷ കൺഫർമേഷന് 20 അവസാന തീയതി; മറ്റുള്ളവർക്ക് അവസരം നഷ്ടമാകും

തിരുവനന്തപുരം∙ കമ്പനി, കോർപറേഷൻ, ബോർഡ് അസിസ്റ്റന്റ് തസ്തികയിലേക്കു ജൂ‌ൺ ഒൻപതിനു നടക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുന്നത് 20ന് അവസാനിക്കാനിരികെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നൽകിയിരിക്കുന്നത് നാലേകാൽ ലക്ഷത്തോളം പേർ മാത്രം. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുണ്ടെങ്കിലും 4.23 ലക്ഷം പേർ മാത്രമാണ് ഇന്നലെ വരെ പരീക്ഷ എഴുതുമെന്നുള്ള അറിയിപ്പു നൽകിയിരിക്കുന്നത്.

നിശ്ചിത തീയതിക്കുള്ളിൽ ഒറ്റത്തവണ റജിസ്ട്രേഷൻ വഴി കൺഫർമേഷൻ നൽകാത്തവർക്കു പരീക്ഷ എഴുതാൻ കഴിയില്ല. രണ്ടു കാറ്റഗറികളിലായി 11.98 ലക്ഷം പേരാണ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. ഒന്നിച്ച് അപേക്ഷ ക്ഷണിച്ചതിനാൽ ഒരേ ഉദ്യോഗാർഥി തന്നെ രണ്ട് കാറ്റഗറികളിലും അപേക്ഷ നൽകിയിട്ടുണ്ട്. അതിനാൽ യഥാർഥ അപേക്ഷകരുടെ എണ്ണം ആറു ലക്ഷത്തോളമേ വരൂ. 

പിആർഡിയിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ, ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയിൽ ജൂനിയർ അസിസ്റ്റന്റ് എന്നിവയുടെ പരീക്ഷയും ഇതോടൊപ്പം നടക്കുകയാണ്. ഇതിലേക്ക് എഴുപതിനായിരത്തോളം പേർ അപേക്ഷിച്ചിട്ടുണ്ട്. നാലു കാറ്റഗറികളിലുമായി 6.70 ലക്ഷം അപേക്ഷകരുള്ളതിൽ രണ്ടര ലക്ഷത്തോളം പേർ ഇതുവരെ കൺഫർമേഷൻ നൽകിയിട്ടില്ല. കൺഫർമേഷൻ നൽകാത്തവർക്കു പരീക്ഷ എഴുതുന്നതിനുള്ള അവസരം നഷ്ടമാകുമെന്ന് പിഎസ്‌സി അധികൃതർ അറിയിച്ചു.