ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ വിധിയെഴുത്താകും: സുനിൽകുമാർ

കോഴിക്കോട്∙ കെ.എം.മാണി അടക്കമുള്ള ആരുമായും ചെങ്ങന്നൂരിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഉപതിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ വിധിയെഴുത്താവുമെന്നും മന്ത്രി വി.എസ്. സുനിൽകുമാർ. കർണാടകയിലെ 104 സീറ്റിന്റെ തരംഗം ചെങ്ങന്നൂരിൽ സൃഷ്ടിക്കാൻ ബിജെപിക്ക് കഴിയില്ല. പദവിയെ അപഹാസ്യമാക്കി ഗവർണർമാർ നരേന്ദ്ര മോദിയുടെ കീഴാളരായി മാറുകയാണ്. നാളെ രാജ്യത്ത് പട്ടാളഭരണം വന്നാൽപ്പോലും അദ്ഭുതമില്ല– സുനിൽ കുമാർ പറഞ്ഞു.

ഭരണഘടന കയ്യാളിക്കൊണ്ട് ബിജെപി കർണാടകയിൽ ഭരണഘടനയെ നോക്കുകുത്തിയാക്കുകയാണ്. മണിപ്പൂരിലും മേഘാലയയിലും ഗോവയിലും ബിജെപി മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനു കടക വിരുദ്ധമായാണ് കർണാടകയിൽ ബിജെപിക്ക് അവസരം കൊടുത്തത്. എംഎൽഎമാർക്ക് നൂറു കോടി വിലയിട്ട ബിജെപി കള്ളപ്പണകേന്ദ്രമായി മാറി. കള്ളപ്പണം തടയാൻ നോട്ടു നിരോധിച്ച ബിജെപി ഇപ്പോൾ കള്ളപ്പണക്കാരുടെ കൂടെയാണ്. രണ്ട് സീറ്റിന്റെ ബലത്തിൽ ഭരിച്ച ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ ഇടതുമുന്നണി ഒരിക്കലും ശ്രമിച്ചിട്ടില്ല. ബിജെപി ആയിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതിയെന്നും സുനിൽകുമാർ പറഞ്ഞു.

കെ.എ.കേരളീയൻ സ്മാരക സമിതിയും എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനും സംഘടിപ്പിച്ച ‘കാർഷികം’ ദേശീയ സെമിനാറിന്റെ ഉദ്ഘാടനത്തിനുമുൻപു മാധ്യമപ്രവർ‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.