യുഎസിൽ സ്കൂളിൽ വെ‌ടിവയ്പ്: വിദ്യാർഥികൾ ഉൾപ്പെടെ പത്തു മരണം

വെടിവയ്പ്പുണ്ടായ സാന്റ ഫെ ഹൈസ്കൂൾ – ട്വിറ്റർ ചിത്രം.

ടെക്സസ്∙ യുഎസിലെ ടെക്സസിൽ സാന്റ ഫെ ഹൈസ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ പത്തു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും വിദ്യാർഥികളാണ്. ഹൂസ്റ്റന് തെക്ക് 65 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് പ്രാദേശിക സമയം രാവിലെ ഒൻപതു മണിയോടെ വെടിവയ്പ്പുണ്ടായത്.‌ സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർഥി കസ്റ്റഡിയിലുണ്ട്. അതേസമയം, ഈ വിദ്യാർഥിയാണോ അക്രമം ന‌ടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

വെടിവയ്പ്പിൽ ഒന്നിലധികം പേർ കൊല്ലപ്പെട്ടെന്നും മരണസംഖ്യ വ്യക്തമല്ലെന്നും  കേസന്വേഷണത്തിന്റെ ചുമതലയുള്ള പൊലീസുദ്യോഗസ്ഥൻ എഡ് ഗോൺസാലസ് ട്വീറ്റ് ചെയ്തു.

ടെക്സസിലെ വെടിവയ്പ്പിൽ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാർഥികളുടെയും സ്കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങിൽ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.

ടെക്സസ് വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും ട്വീറ്റ് ചെയ്തു.

ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ ഒരു സ്കൂളിൽ ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം യുഎസിൽ ആകെ യുവാക്കളുടെ നേതൃത്വത്തിൽ തോക്കു സംസ്കാരത്തിനെതിരായ പ്രക്ഷോഭം നടന്നിരുന്നു.