ബൊപ്പയ്യ എന്നും വിവാദ നായകന്‍, പുലര്‍ച്ചെ പുറത്താക്കിയത് 16 എംഎല്‍എമാരെ

കെ.ജി.ബൊപ്പയ്യ

ബെംഗളൂരു∙ കര്‍ണാടക പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് കെ.ജി.ബൊപ്പയ്യ വിവാദ നായകനാണ്. ഒപ്പം യെഡിയൂരപ്പയുടെ വിശ്വസ്തനും. 2009 - 2013 കാലഘട്ടത്തില്‍ കര്‍ണാടക സ്പീക്കറായിരുന്നു ബൊപ്പയ്യ. യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടിയപ്പോള്‍ ‘പ്രശ്നക്കാരായ’ 11 ബിജെപി എംഎല്‍എമാരെയും അഞ്ചു സ്വതന്ത്ര എംഎല്‍എമാരെയും 2010ല്‍ അയോഗ്യരാക്കിയ ചരിത്രമുണ്ട് ബൊപ്പയ്യയ്ക്ക്. അയോഗ്യതാ നീക്കം പാടില്ലെന്ന ഗവർണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് സ്‌പീക്കർ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് ശുപാര്‍ശ ചെയ്തു.

അയോഗ്യത കൽപിച്ചതിനെതിരെ 11 ബിജെപി വിമത എംഎൽഎമാർ നൽകിയ അപ്പീല്‍ പരിഗണിച്ച ജസ്‌റ്റിസ് സിറിയക് ജോസഫ്, ജസ്‌റ്റിസ് അൽത്തമാസ് കബീർ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് സ്പീക്കറുടെ നടപടി റദ്ദാക്കി. സ്പീക്കറുടെ നടപടിയെ കോടതി വിമര്‍ശിച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടതു നിയമനിർമാണ സഭകളിലാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. അതിനു തൊട്ടു മുൻപോ വോട്ടെടുപ്പു വേളയിലോ സഭയിലെ അംഗങ്ങളുടെ സംഖ്യാബലത്തെ സ്‌പീക്കർ തന്നെ അട്ടിമറിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. നിയമസഭയിൽ സ്വതന്ത്രവും നീതിപൂർവകവുമായ വിശ്വാസവോട്ടെടുപ്പു നടക്കണമെങ്കിൽ സ്‌പീക്കർ പൂർണ നിഷ്‌പക്ഷത പാലിച്ചേ തീരൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഫണ്ട് ദുര്‍വിനിയോഗം ചെയ്തതിന്റെ പേരില്‍ ലോകായുക്ത ബൊപ്പയ്യയുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

16 എംഎല്‍എമാരെ അയോഗ്യരാക്കി, പുലര്‍ച്ചെ 5.30ന്

ഇരുപത്തിയെട്ടു മാസത്തെ ഭരണത്തിനിടയിൽ സ്വന്തം പാർട്ടിയിൽ നിന്നും മന്ത്രിമാരിൽ നിന്നും മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ കാലുവാരൽ ഭീഷണി നേരിട്ടിരുന്നു.  224 അംഗ നിയമസഭയിൽ 117 പേരുടെ പിന്തുണയാണു യെഡിയൂരപ്പയ്‌ക്കുണ്ടായിരുന്നത്. ഇവരിൽ 12 ബിജെപി എംഎൽഎമാരും അഞ്ചു സ്വതന്ത്രരും മറുകണ്ടം ചാടി. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്ന കത്തില്‍ ഇവര്‍ ഒപ്പിട്ടു. വിശ്വാസ വോട്ടെടുപ്പിന്റെ അന്നു പുലര്‍ച്ചെ 5.30ന് ഇവരെ ബൊപ്പയ്യ അയോഗ്യരാക്കി.

സഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്ന മുഖ്യമന്ത്രി യെഡിയൂരപ്പ വിശ്വാസപ്രമേയം പോലും അവതരിപ്പിക്കാന്‍ തയ്യാറായില്ല. സർക്കാരിനെ അനുകൂലിക്കുന്നവർ ‘അതേ’ എന്നും എതിർക്കുന്നവർ ‘അല്ല’ എന്നും പറയാൻ സ്‌പീക്കർ നിർദേശിച്ചു. ബഹളമുണ്ടായതോടെ, സർക്കാരിനെ അനുകൂലിക്കുന്നവർ കൈ പൊക്കാനായി നിർദേശം. ബിജെപി അംഗങ്ങൾ കൈ പൊക്കിയതിനെത്തുടർന്നു വിശ്വാസവോട്ടു നേടിയതായി സ്‌പീക്കർ ബൊപ്പയ്യ പ്രഖ്യാപിച്ചു. 106 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടതു 113 പേരുടെ പിന്തുണയായിരുന്നു.

മണിക്കൂറുകള്‍ക്കശേഷം 119 എംഎല്‍എമാരെ പ്രതിപക്ഷം രാജ്‌ഭവനിൽ ഹാജരാക്കി. ഇവരിൽ സ്‌പീക്കർ അയോഗ്യരാക്കിയ 16 പേരുമുണ്ടായിരുന്നു. സഭയിൽ വിപ്പ് ലംഘിച്ചാൽ മാത്രം ബാധകമാകുന്ന കൂറുമാറ്റനിയമം സ്‌പീക്കർ ദുർവ്യാഖ്യാനം ചെയ്‌തതായി പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. പിന്നീടാണ് സ്പീക്കര്‍ക്കെതിരെ കോടതി വിമര്‍ശനം ഉണ്ടാകുന്നത്.

തടാക നവീകരണ അഴിമതി

തടാക നവീകരണ പദ്ധതി സംബന്ധിച്ച ഫണ്ട് ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിൽ സ്‌പീക്കർക്കെതിരെ ലോകായുക്ത കേസെടുത്തിട്ടുണ്ട്. കുടക് ജില്ലയിലെ വിരാജ്‌പേട്ട് എംഎൽഎകൂടിയായ സ്‌പീക്കർ കെ.ജി. ബൊപ്പയ്യ തന്റെ മണ്ഡലത്തിലെ തിത്തമത്തി രേശ്‌മേഹഡ്‌ലുവിലെ തടാക നവീകരണ പദ്ധതിയുടെ ഫണ്ട് ദുർവിനിയോഗം ചെയ്‌തെന്നാരോപിച്ചു കുടക് ജില്ലാ പഞ്ചായത്തിലെ കോൺഗ്രസ് അംഗം സരിത പൂനച്ച നൽകിയ ഹർജിയിലാണു ലോകായുക്‌ത പൊലീസിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചത്. പദ്ധതിക്കു പണം അനുവദിച്ചശേഷം നിർമാണ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് എൻജിനീയറിങ് വകുപ്പിനു നൽകുന്നതിനു പകരം നിർമിതി കേന്ദ്രത്തിനു നൽകി സ്പീക്കർ ബൊപ്പയ്യ സംയോജിത ഗിരിവർഗ വികസന വകുപ്പിനു കത്തെഴുതിയെന്നായിരുന്നു ആരോപണം. ഈ നീക്കത്തിനു പിന്നിൽ ധനദുരുപയോഗമുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്.