കർണാടക മോഡൽ വ്യാപിപ്പിക്കാൻ കോൺഗ്രസ്; ബിജെപിയെ മാറ്റിനിർത്തുക ലക്ഷ്യം

കെ.സി.വേണുഗോപാലിനും പി.സി.വിഷ്ണുനാഥിനുമൊപ്പം രാഹുൽ ഗാന്ധി(ഫയൽ ചിത്രം)

ബെംഗളൂരു∙ ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റാന്‍ കർണാടക മോഡൽ സഖ്യം മറ്റിടങ്ങളിലും രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. 2019ല്‍  അധികാരമല്ല, ബിജെപിയെ മാറ്റിനിര്‍ത്തലാകും വലിയ ലക്ഷ്യമെന്നും എഐസിസി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചാ മനോഭാവത്തോടെ മറ്റു രാഷ്ട്രീയകക്ഷികളുമായി കൈകോര്‍ക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും കര്‍ണാടകയിലെ ഭരണമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

അതിനിടെ, മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ കൂടി തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത് കർണാടകയിൽ നിർണായകമാകും. പതിനായിരത്തോളം തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതിനെത്തുടർന്നു മാറ്റിവച്ച രാജരാജേശ്വരി നഗർ തിരഞ്ഞെടുപ്പ് 28നും ബിജെപി സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്നു നീട്ടിയ ജയനഗർ തിരഞ്ഞെടുപ്പ് ജൂൺ 11നും നടക്കും. എച്ച്.ഡി.കുമാരസ്വാമി രാമനഗരയിലും ചന്നപട്ടണയിലും ജയിച്ചതിനാൽ ഇവയിൽ ഒരെണ്ണത്തിലും ഉടൻ ഉപതിരഞ്ഞെടുപ്പുണ്ടാകും. കോൺഗ്രസ്–ജെഡിഎസ് സഖ്യം ഇവിടങ്ങളിൽ തുടരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ രാജരാജേശ്വരി നഗറിൽ ജെഡിഎസ് പിന്തുണ നിർണായകമാകും. കഴിഞ്ഞ തവണ ഇവിടെ രണ്ടാമതായിരുന്നു ദൾ. 10 വർഷമായി ബിജെപിയുടെ സിറ്റിങ് സീറ്റായ ജയനഗറിലും കോൺഗ്രസ്–ദൾ സഖ്യം ഒരുമിച്ചാൽ ബിജെപിക്കു വെല്ലുവിളിയാകും. കഴിഞ്ഞ തവണ 12,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു അവർക്ക്. രാമനഗര, ചന്നപട്ടണ എന്നിവയിൽ കുമാരസ്വാമി ഏത് ഒഴിയുമെന്ന ആകാംക്ഷയുണ്ട്. ബിജെപിക്കു ശക്തമായ സ്വാധീനമുള്ള ചന്നപട്ടണയാണെങ്കിൽ ദൾ കോൺഗ്രസ് സഹായം തേടേണ്ടിവരും. രാമനഗര പക്ഷേ, ദളിന്റെ കോട്ടയാണ്.