ഭൂരിപക്ഷമില്ലെങ്കിൽ ആരും ഭരിക്കണ്ട; കുതിരക്കച്ചവടത്തോടു മുഖം തിരിച്ചു കേരള രാഷ്ട്രീയം

നിയമസഭയിൽ ഭൂരിപക്ഷം കിട്ടാൻ വേണ്ടത് 67 സീറ്റ്. മുന്നണിക്ക് ആകെ 59 സീറ്റ്. ഭൂരിപക്ഷത്തിനു വെറും എട്ടു സീറ്റ് കുറവ്. എങ്ങുമില്ലാത്ത സ്വതന്ത്രന്മാർ തന്നെ പത്തിലധികം പേർ ജയിച്ചിട്ടുണ്ട്. എന്നിട്ടും ഒരു ചാക്കിടലിനും കുതിരക്കച്ചവടത്തിനും ആരും ശ്രമിച്ചില്ല. മന്ത്രിസഭയുണ്ടാക്കാൻ ആരും അവകാശവാദമുന്നയിച്ചില്ല. അവകാശവുമായി ആരെങ്കിലും വരുന്നുണ്ടോ എന്നു കാത്തിരുന്നു മടുത്ത ഗവർണർ ഒടുവിൽ നിയമസഭ പിരിച്ചുവിട്ടു. ഒരു ദിവസം പോലും യോഗം ചേരാതെ ആ സഭ ഇല്ലാതായി. ഇന്ത്യയിലെ നിയമനിർമാണ സഭകളുടെ ചരിത്രത്തിൽ ഒരിക്കൽ മാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ; 1965 ൽ, കേരളത്തിൽ. 

അഞ്ച് എംഎൽഎമാരെ തികച്ച് എടുക്കാനില്ലാത്ത പാർട്ടി പോലും മന്ത്രിസഭയുണ്ടാക്കാൻ ശ്രമിക്കുന്ന കാലത്ത്, പുതിയ തലമുറയ്ക്ക് അമ്പരപ്പോടെയേ കേട്ടിരിക്കാനാവൂ 65 ലെ ചരിത്രം. 

ആ ചരിത്രം ഇങ്ങനെ: ആർ.ശങ്കർ മന്ത്രിസഭ വീണതിനെ തുടർന്നുള്ള പ്രക്ഷുബ്ധ രാഷ്ട്രീയ കാലം. 1965 മാർച്ച് നാലിനായിരുന്നു മൂന്നാം നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ്. സിപിഎം, മുസ്‌ലിം ലീഗ്, എസ്എസ്പി എന്നിവ ചേർന്ന് ഒരു മുന്നണി. കോൺഗ്രസ് ഒറ്റയ്ക്ക്. സിപിഐ, കേരള കോൺഗ്രസ്, ആർഎസ്പി എന്നിവ ചേർന്നു മറ്റൊരു മുന്നണി. 133 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 36 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്ര സ്ഥാനാർഥികളടക്കം സിപിഎമ്മിന്റെ 40 പേർ ജയിച്ചു. കേരള കോൺഗ്രസിന് 23 പേർ. സിപിഎം മുന്നണിക്കു ലീഗിന്റെ ആറ് ഉൾപ്പെടെ 59 സീറ്റ് കിട്ടി. എട്ടു സീറ്റ് കുറവ്. ഒന്നോ രണ്ടോ ചാക്കുമായി ഇറങ്ങിയാൽ എളുപ്പം കാര്യം നടക്കും. പക്ഷേ അതു വേണ്ടെന്നായിരുന്നു ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും പാർട്ടിയുടെയും തീരുമാനം. 

അങ്ങനെയാണു ഗവർണർ വി.വി. ഗിരി നിയമസഭ പിരിച്ചു വിടാൻ ശുപാർശ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭ, ഒരു ദിവസം പോലും യോഗം ചേരാതെ പിരിച്ചു വിട്ടത് ആദ്യം. ആ തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ പലരും മുൻപോ പിൻപോ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അന്നത്തെ ഇരുപത്തിഅഞ്ചോളം പേർ പുതുമുഖങ്ങളായിരുന്നു. അവർക്കു പിന്നീടൊരിക്കലും നിയമസഭ കാണാൻ കഴിഞ്ഞില്ല. 

നിയമസഭ പിരിച്ചുവിട്ടതിനെ തുടർന്ന് 1965 മാർച്ച് 24നു കേരളത്തിൽ രാഷ്ട്രപതിഭരണം നിലവിൽ വന്നു. 1967 ലെ തിരഞ്ഞെടുപ്പിൽ ജയിച്ച് ഇഎംഎസിന്റെ സപ്തകക്ഷി (സിപിഎം, സിപിഐ, മുസ്‍ലിം ലീഗ്, ആർഎസ്പി, എസ്എസ്പി, കെടിപി, കെഎസ്പി) സർക്കാർ അധികാരത്തിലേറുന്നതു വരെ രാഷ്ട്രപതിഭരണം നീണ്ടു- 712 ദിവസം. കേരളത്തിലെ ഏറ്റവും നീണ്ട രാഷ്ട്രപതിഭരണവും അതുതന്നെ. ഇഎംഎസിന്റെ സപ്തകക്ഷി സർക്കാർ രണ്ടരക്കൊല്ലം കൊണ്ടു വീണു എന്നതു പിൽക്കാല ചരിത്രം. 

ഭൂരിപക്ഷമില്ലാത്ത സന്ദിഗ്ധാവസ്ഥയിൽ മുന്നണി വിട്ടു മുന്നണി മാറുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനു പിൽക്കാലത്തും കേരളം വേദിയായില്ല; കഴിഞ്ഞ യു‍ഡിഎഫ് സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കെ.എം.മാണിയെ കൂടെക്കൂട്ടാൻ എൽഡിഎഫ് രഹസ്യനീക്കം നടത്തിയതല്ലാതെ. അതാവട്ടെ, എൽഡിഎഫോ മാണിയോ ഇതുവരെ തുറന്നു സമ്മതിച്ചിട്ടുമില്ല.