ചെങ്ങന്നൂരിൽ പിന്തുണ തേടി യുഡിഎഫ് പാലായിൽ; ചെന്നിത്തലയോടു മുഖംതിരിച്ച് മാണി

പാലായിലെ വീട്ടിലെത്തി കെ.എം. മാണിയുമായി ചർച്ച നടത്തുന്ന യുഡിഎഫ് സംഘം.

പാലാ∙ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിന് കെ.എം. മാണിയുടെ പിന്തുണ അനിവാര്യമെന്ന് യുഡിഎഫ് സംഘം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണ തേടി പാലായിലെ വീട്ടിലെത്തി യുഡിഎഫ് സംഘം നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫിലേക്ക് മാണി മടങ്ങിവരണമെന്നും അഭ്യർഥിച്ചു. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസ് ആണെന്നും നാളെ ചർച്ച ചെയ്യുമെന്നും മാണി വ്യക്തമാക്കിയതായും യുഡിഎഫ് നേതാക്കൾ മാധ്യമങ്ങളോട് അറിയിച്ചു.

കെ.എം. മാണിയെ കണ്ടതിനുശേഷം യുഡിഎഫ് മാധ്യമങ്ങളോടു സംസാരിക്കുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ തുടങ്ങിയവരാണ് പാലായിലെത്തിയത്. പാർട്ടി ചെയർമാൻ കെ.എം. മാണിയെയും ജോസ് കെ. മാണിയെയും കണ്ട് സംഘം ചർച്ച നടത്തി.

അതേസമയം, ചൊവ്വാഴ്ച 10.30ന് പാലായിൽ ഉപസമിതി യോഗം കൂടുമെന്നും തീരുമാനം അതിലുണ്ടാകുമെന്നും കെ.എം. മാണി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

യുഡിഎഫ് – കേരള കോൺഗ്രസ് (എം) കൂടിക്കാഴ്ച പ്രാധാന്യമുള്ളതാണെന്ന് പി.ജെ. ജോസഫ് തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേതാക്കൾ പാർട്ടിയുടെ പിന്തുണ തേടിയിട്ടുണ്ട്. നേതാക്കൾ ഒരുമിച്ചു പാലായിൽ സമവായ ചർച്ചയ്ക്കെത്തിയതു പ്രധാനപ്പെട്ട കാര്യം. ചൊവ്വാഴ്ച പാലായിൽ ചേരുന്ന പാർട്ടി ഉപസമിതി യോഗത്തിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് യുഡിഎഫ് സംഘത്തിന്റെ വരവ്. പാർ‍ട്ടിയു‌ടെ വോട്ടുകൾ ആർക്കെന്നു വ്യക്തമാക്കാൻ മാണി ഇതുവരെ തയാറായിട്ടില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നെങ്കിലും അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. നാളെയാണ് കേരള കോൺഗ്രസ് എമ്മിന്റെ ഉപസമിതി ചേരുന്നത്.

ചെന്നിത്തലയോടു മുഖംതിരിച്ച് മാണി

തന്നെ കാണാൻ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് അനിഷ്ടം പ്രകടിപ്പിച്ച് കെ.എം. മാണി. ഉമ്മൻ ചാണ്ടി അടക്കം മറ്റുള്ളവരെ കൈകൊടുത്തു വീട്ടിലേക്കു സ്വീകരിച്ച മാണി ചെന്നിത്തലയ്ക്കു കൈ കൊടുക്കാൻ തയാറായില്ല.