പാലായിലേക്കു പാലമിട്ടത് കുഞ്ഞാലിക്കുട്ടി; വഴിത്തിരിവായി ലീഗ് നയതന്ത്രം

പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി

തിരുവനന്തപുരം∙ കോൺഗ്രസ് നേതൃത്വത്തെയും കെ.എം.മാണിയെയും വീണ്ടും മേശയ്ക്കു ചുറ്റുമിരുത്തിയതു മുസ്‌ലിം ലീഗിന്റെ നയതന്ത്രം. അതിന്റെ അന്തിമവിജയത്തെക്കുറിച്ചും ലീഗ് പ്രതീക്ഷയിലാണ്. മാണി യുഡിഎഫ് വിട്ടുപോയതിനുശേഷം അദ്ദേഹവുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന യുഡിഎഫ് നേതാവ് ലീഗ് ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച തലസ്ഥാനത്ത് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയാണു പാലായിലേക്കുള്ള പാതയൊരുക്കിയത്. ജോസ് കെ.മാണിയും തലസ്ഥാനത്തെ ചർച്ചയി‍ൽ പങ്കെടുത്തു. ഇതിനിടെ മുസ്‌ലിംലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കെ.എം.മാണിയുമായി സംസാരിച്ചു. അപ്പോഴും കോൺഗ്രസുമായുള്ള ചർച്ചയെക്കുറിച്ച് അന്തിമ തീരുമാനമായിരുന്നില്ല. അതിനുള്ള കളമൊരുങ്ങിയിരുന്നു.

മാണിയെ കാണാൻ ഏതു സമയത്തും സന്നദ്ധമാണെന്നു കോൺഗ്രസ് നേതാക്കൾ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പുനൽകി. എന്നാൽ അവർ ഉപാധി വച്ചു. കൂടിക്കാഴ്ച സൗഹാർദപരമായിരിക്കണം, അതു പ്രയോജനം ചെയ്യണം. വെറുതെ പോയി മടങ്ങുന്നതിൽ കാര്യമില്ല. അങ്ങനെയെങ്കിൽ ചെങ്ങന്നൂരിന്റെ കാര്യത്തിൽ മാണി ഇന്നു തീരുമാനമെടുക്കുന്നതിനു മുൻപുതന്നെ വേണം കണ്ടുമുട്ടലെന്നു കുഞ്ഞാലിക്കുട്ടിയും മറുപടി നൽകി. ഇന്നലെ രാവിലെയാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.

മറ്റെല്ലാം മാറ്റിവച്ചു നാലുനേതാക്കളും പാലായ്ക്കു പുറപ്പെട്ടു. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എല്ലാവർക്കും അറിയാമായിരുന്നതിനാൽ വിശദമായ രാഷ്ട്രീയ ചർച്ചയൊന്നുമുണ്ടായില്ല. മുറിവുകളുണക്കുന്ന സൗഹൃദ ചർച്ചയാണു നടന്നത്. പാർട്ടിയുടെ യോഗം ഇന്നു ചേരാനിരിക്കേ, അതിനു മുൻപു പ്രഖ്യാപനത്തിനു സ്വാഭാവികമായും മാണി തയാറായില്ല. എന്നാൽ ആ തീരുമാനത്തെ സ്വാധീനിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടുവെന്നാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ.

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നടത്തിയ പ്രസംഗത്തിലെ വിമർശനവും സിപിഐയുടെ പരസ്യമായ എതിർപ്പും കേരള കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഫലിക്കുമെന്നു യുഡിഎഫ് നേതാക്കൾ കരുതുന്നു. നേരത്തേ ഉപതിരഞ്ഞെടുപ്പു നടന്ന മലപ്പുറത്തും വേങ്ങരയിലും മുസ്‌ലിം ലീഗ് സ്ഥാനാർഥികളെയാണു മാണി പിന്തു‌ണച്ചത്. അതു ലീഗിനുള്ള പിന്തുണയാണെന്നും യുഡിഎഫിനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്തുണ തേടിക്കൊണ്ടുള്ള കത്തും ലീഗ് നൽകുകയുണ്ടായി.

ചെങ്ങന്നൂരിൽ മത്സരിക്കുന്നതു കോൺഗ്രസ് സ്ഥാനാർഥിയാണ്. ഡി.വിജയകുമാർ മാണിയെ സന്ദർശിച്ചതൊഴിച്ചാൽ കോൺഗ്രസ് നേതൃത്വം ഔപചാരികമായി അദ്ദേഹത്തെ കണ്ടു പിന്തുണ തേടിയിട്ടില്ല. ഇന്നലെ അതുകൂടിയാണു പാലായിൽ സംഭവിച്ചത്.

2016 ഓഗസ്റ്റിലാണു യുഡിഎഫ് നേതൃത്വത്തോട് ഇടഞ്ഞു മാണി മുന്നണി വിട്ടത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ച് അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിനെ അധികാരത്തിലേറ്റുക കൂടി ചെയ്തതോടെ ബന്ധം തീർത്തും വഷളായി. സിപിഐ എതിർക്കുന്നുവെങ്കിലും എൽഡിഎഫ് ബന്ധത്തിനു മാണി തയാറാകുന്നുവെന്ന സൂചന ശക്തമാകുമ്പോഴാണു ലീഗിന്റെ ഇടപെടലും വഴിത്തിരിവും.