അറസ്റ്റിനുപിന്നിൽ ഗൂഢാലോചന, കുടുക്കിയത് മുൻ എംഎൽഎയും ബിജെപിയും: സിപിഎം നേതാവ്

ജി.വിനോദ് കുമാര്‍

തിരുവനന്തപുരം∙ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കുന്നുണ്ടെന്ന് ഗോവയില്‍ പീഡനക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് ജി.വിനോദ് കുമാര്‍. തല്‍ക്കാലം സ്വന്തം പാര്‍ട്ടിക്കാരെ വിശ്വാസത്തില്‍ എടുക്കാതിരിക്കാനാവില്ല. തലസ്ഥാനം കേന്ദ്രീകരിച്ച് മൂന്നുമാസമായി നടന്ന ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരായ ആരോപണമെന്നും വിനോദ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.‌‌‌

തിരുവനന്തപുരം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന ജി.വിനോദ് കുമാര്‍ ഈ മാസം പതിനഞ്ചിനാണ് ഗോവയില്‍ അറസ്റ്റിലായത്. ജോലിവാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ തന്നെ കുടുക്കുകയായിരുന്നുവെന്ന് വിനോദ് പറയുന്നു.

ഗൂഢാലോചനയില്‍ മുന്‍ എംഎല്‍എയ്ക്കും ബിജെപിക്കും പങ്കുണ്ട്. ജോലിവാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ കഴമ്പില്ല. സിപിഎമ്മുകാര്‍ക്ക് പങ്കുണ്ടെന്ന് തല്‍ക്കാലം വിശ്വസിക്കുന്നില്ല. ചതിയാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതി ആദ്യദിവസം തന്നെ ജാമ്യം അനുവദിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് വിനോദ് കുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.