കണ്ണൂരിലെ നായനാർ പ്രതിമയുടെ മുഖം മിനുക്കാൻ നടപടി: പി.ജയരാജൻ

നായനാരുടെ ശിൽപവും ശിൽപത്തിനു മാതൃകയാക്കിയ ചിത്രവും.

കണ്ണൂർ∙ നായനാർ അക്കാദമിയിൽ സ്ഥാപിച്ച ഇ.കെ.നായനാരുടെ പ്രതിമയുടെ അപാകതകൾ പരിഹരിക്കുമെന്നു സിപിഎം. പ്രതിമ നിർമിച്ച ശിൽപിയോട് അടുത്ത ദിവസം നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടതായി സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയിച്ചു. അക്കാദമിയിൽ സ്ഥാപിച്ച പൂർണകായ വെങ്കലപ്രതിമയ്ക്കു നായനാരുടെ മുഖസാദൃശ്യമില്ലെന്ന് അക്കാദമിയുടെ ഉദ്ഘാടനം ദിവസം തന്നെ പരാതിയുയർന്നിരുന്നു.

കല്യാശേരിയിലെ നായനാരുടെ വീടിന്റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള, വെള്ള ജൂബയും മഞ്ഞ ജാക്കറ്റുമിട്ട പ്രസിദ്ധമായ ചിത്രമാണു പ്രതിമയ്ക്കു മാതൃകയാക്കിയത്. നായനാരുടെ ചിരിയും ഭാവവും രൂപവുമൊന്നും പൂർണമായും ശിൽപത്തിൽ പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണു പരാതി. കളിമണ്ണിൽ മാതൃകയുണ്ടാക്കിയപ്പോൾ രൂപസാദൃശ്യങ്ങൾ കൃത്യമായിരുന്നുവെന്നും വെങ്കലത്തിലേക്കു മാറ്റിയപ്പോഴാണു പ്രശ്നമുണ്ടായതെന്നുമാണു അക്കാദമി ചുമതലക്കാരുടെ വിശദീകരണം.

പെയിന്റിങ്ങിലൂടെ ശിൽപത്തിന്റെ നിറം മാറ്റി അപാകതകൾ പരിഹരിക്കാൻ സാധിക്കുമോയെന്നു പരിശോധിക്കുമെന്നും എന്നാൽ ശിൽപിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും പി.ജയരാജൻ പറഞ്ഞു. രാജസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി ശിൽപി തോമസ് ജോൺ കോവൂരാണു ശിൽപം നിർമിച്ചത്. ഒൻപതര അടി നീളവും 800 കിലോഗ്രാം ഭാരവുമുള്ള വെങ്കല പ്രതിമ ജയ്പൂരിലാണു നിർമിച്ചത്.