സിപിഎമ്മിന് എഴുന്നേറ്റു നടക്കാൻ പ്രയാസം; എങ്ങനെ ബിജെപിയെ നേരിടുമെന്ന് എ.കെ. ആന്റണി

എ.കെ.ആന്റണി ചെങ്ങന്നൂരിൽ വാർത്താ സമ്മേളനത്തിൽ. ചിത്രം: കാർത്തിക് തെക്കേമഠം

ചെങ്ങന്നൂർ∙ ബിജെപിയെ നേരിടുന്ന കാര്യത്തിൽ സിപിഎം വീരസ്യം പറയുകയാണെന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണി. ബിജെപിയെ ചെറുക്കാൻ രാജ്യത്തുടനീളം ജനാധിപത്യ ശക്തികളുമായി ചേർന്നു പ്രവർത്തിക്കും. ത്യാഗം സഹിച്ചും കർണാടകയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കിയത് ഇതിന്റെ തുടക്കം മാത്രമാണ്. ദേശീയ തലത്തിൽ സിപിഎമ്മും ഇൗ നീക്കത്തിനോടു സഹകരിക്കണമെന്നാണ് അഭിപ്രായം. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയം വേറെയാണെന്നും ആന്റണി പറഞ്ഞു.  ചെങ്ങന്നൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഡി.വിജയകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായെത്തിയ ആന്റണി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

വെണ്മണിയിലെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനെത്തിയ എ.കെ.ആന്റണി ഉമ്മൻചാണ്ടിയുമായി ചർച്ചയിൽ. ചിത്രം: ആർ.എസ്.ഗോപന്‍

കർണാടകയിൽ 19 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. നേരത്തേ എംഎൽഎയായിരുന്നയാൾക്കു രണ്ടാം സ്ഥാനം ലഭിച്ചതൊഴിച്ചാൽ ബാക്കി സീറ്റുകളിലെല്ലാം പാർട്ടിക്കു കെട്ടിവച്ച കാശു പോയി. ഉത്തർപ്രദേശിലും സിപിഎം മത്സരിച്ച സീറ്റുകളിലെല്ലാം കെട്ടിവച്ച കാശു പോയി. പലയിടത്തും നോട്ടയ്ക്കും പിന്നിലായിരുന്നു സിപിഎം സ്ഥാനാർഥികൾ. ഗുജറാത്തിലും ബിഹാറിലുമെല്ലാം ഇതു തന്നെയായിരുന്നു സ്ഥിതി.

പത്തു ലക്ഷത്തിലേറെ മലയാളികൾ താമസിക്കുന്ന ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സിപിഎം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശു പോയി. എല്ലായിടത്തും പരമദയനീയമായി തോൽക്കുന്ന സിപിഎം ആണോ കോൺഗ്രസിനു പകരം ബിജെപിയെ നേരിടാൻ പോകുന്നത്? സിപിഎം വെറുതെ വീരസ്യം പറയുകയാണെന്നും ആന്റണി വ്യക്തമാക്കി.

വാർത്താസമ്മേളനത്തിൽ എ.കെ.ആന്റണി. ചിത്രം: കാർത്തിക് തെക്കേമഠം

ബംഗാളിൽ എഴുന്നേറ്റു നടക്കാൻ പ്രയാസപ്പെടുകയാണ് സിപിഎം. ത്രിപുരയിൽ പോയി. ഫലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരളയായി മാറിയിരിക്കുകയാണു സിപിഎം. ഇവരാണോ ബിജെപിയെ വടക്കേ ഇന്ത്യയിൽ തോൽപിക്കാൻ പോകുന്നത്? നരേന്ദ്രമോദിയുട ഭരണം വരാതിരിക്കാനും ബിജെപിയെ തോൽപിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും ആന്റണി പറഞ്ഞു.