ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് ബിജെപിയുടെ പിന്തുണ തേടി: കോടിയേരി

എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനു വേണ്ടി ചെങ്ങന്നൂർ നഗരത്തിൽ വോട്ട് ചോദിക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഫയൽ ചിത്രം: ആർ.എസ്. ഗോപൻ

ആലപ്പുഴ ∙ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുടെ പിന്തുണ തേടിയെന്ന ആരോപണവുമായി സിപിഎം. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ വാക്കുകള്‍ ഇതിനു തെളിവാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ് വോട്ട് വേണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വേണമെന്ന് ആന്‍റണിയും പറഞ്ഞതായും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസിന്‍റേത് ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന സ്ഥാനാര്‍ഥിയാണെന്നും കോടിയേരി പറഞ്ഞു.

എ.കെ. ആന്റണിക്കു വിഭ്രാന്തിയാണെന്നു കുറ്റപ്പെടുത്തി രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എൽഡിഎഫ് സർക്കാർ ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നു പറഞ്ഞ ആന്റണി, പകൽ കോൺഗ്രസും രാത്രി ബിജെപിക്കാരുമായ പാർട്ടിക്കാരുടെ കണക്കെടുക്കണമെന്നു പിണറായി ആഞ്ഞ‌ടിച്ചു. ചെങ്ങന്നൂരിൽ ബിജെപിയെപ്പോലെ വർഗീയ ധ്രുവീകരണം നടത്തി ജയിക്കാനാണു സിപിഎം ശ്രമമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരിച്ചടിച്ചു.

സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വർഗീയ പ്രചാരണമാണു മണ്ഡലത്തിൽ നടത്തുന്നത്. കോടിയേരി പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതിനൽകി. തിരഞ്ഞെടുപ്പു ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ലെന്നും അതിനാലാണു അസത്യ പ്രചാരണം നടത്തുന്നതെന്നും ഉമ്മൻ ചാണ്ടി ചെങ്ങന്നൂരിൽ പറഞ്ഞു.