നായനാർ പ്രതിമ: കുഴപ്പം ശിൽപത്തിന്റേതല്ല സ്ഥാപിച്ച രീതിയുടേതെന്നു ശിൽപി

കളിമണ്ണിൽ ആദ്യമുണ്ടാക്കിയ നായനാർ പ്രതിമ (ഇടത്), പ്രതിമ വെങ്കലത്തിൽ വാർത്തപ്പോൾ (നടുക്ക്), പ്രതിമ അക്കാദമിയിൽ സ്ഥാപിച്ചപ്പോൾ.

കണ്ണൂർ∙ നായനാർ അക്കാദമിയിൽ സ്ഥാപിച്ച ഇ.കെ. നായനാരുടെ പ്രതിമയ്ക്കു കുഴപ്പമൊന്നുമില്ലെന്നു ശിൽപി തോമസ് ജോൺ കോവൂർ. ‘ശിൽപ്പത്തിനല്ല കുഴപ്പം, അതു സ്ഥാപിച്ച രീതിയാണു പ്രശ്നം. ഒൻപതര അടി ഉയരമുള്ള ശിൽപം 11 അടി ഉയരമുള്ള സ്തൂപത്തിലാണു സ്ഥാപിച്ചത്. താഴെ നിന്ന് ഏതാണ്ട് 20 അടി ഉയരത്തിലാണു പ്രതിമയുടെ മുഖം. ഇത്രയും ഉയരത്തിലായതിനാൽ മുഖത്തെ കണ്ണട പോലും വ്യക്തമായി കാണാൻ സാധിക്കില്ല. വെളിച്ചം മുഖത്തു വീഴുമ്പോഴുള്ള നിഴലും പ്രശ്നമാണ്. ഇതു പരിഹരിച്ചാൽ നായനാർ പ്രതിമയെക്കുറിച്ചുള്ള പരാതി തീരുമെന്നും അദ്ദേഹം പറഞ്ഞു.

സ്തൂപത്തിന്റെ ഉയരം കുറയ്ക്കാനും മുഖത്തേക്ക് സ്പോട്ട് ലൈറ്റ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യങ്ങൾ ചെയ്യുമെന്നും തോമസ് ജോൺ കോവൂർ അറിയിച്ചു. സിപിഎം നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചു ശിൽപി നേരിട്ടെത്തി പ്രതിമ പരിശോധിച്ചു. ‌കളിമണ്ണിലുണ്ടാക്കിയ രൂപത്തിനു നേതാക്കളുടെ അംഗീകാരം ലഭിച്ച ശേഷമാണു വെങ്കലത്തിൽ വാർത്തതെന്നും അദ്ദേഹം പറഞ്ഞു.

നായനാർ അക്കാദമിയിൽ സ്ഥാപിച്ച പൂർണകായ വെങ്കലപ്രതിമയ്ക്കു നായനാരുടെ മുഖസാദൃശ്യമില്ലെന്നു അക്കാദമിയുടെ ഉദ്ഘാടനം ദിവസം തന്നെ പരാതിയുയർന്നിരുന്നു. ജൂബ്ബയും ജാക്കറ്റുമിട്ട് ഒരു കയ്യിൽ ബാഗുമായി നിൽക്കുന്ന നായനാരുടെ രൂപമാണു പ്രതിമയാക്കിയത്. കല്യാശേരിയിലെ നായനാരുടെ വീടിന്റെ പൂമുഖത്തു സ്ഥാപിച്ചിട്ടുള്ള, വെള്ള ജൂബയും മഞ്ഞ ജാക്കറ്റുമിട്ട പ്രസിദ്ധമായ നായനാർ ചിത്രമായിരുന്നു പ്രതിമയ്ക്കു മാതൃകയാക്കിയത്. എന്നാൽ നായനാരുടെ ചിരിയും ഭാവവും രൂപവുമൊന്നും പൂർണമായും ശിൽപത്തിൽ പ്രതിഫലിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണു പരാതി.