മൈക്ക് പെൻസിനെതിരെ ‘ചൂടൻ’ ഭാഷയിൽ ഉത്തര കൊറിയ; യുഎസ് ബന്ധം വഷളാകുന്നു?

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

സോൾ∙ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തര കൊറിയയുടെ പരിഹാസം. വരാനിരിക്കുന്ന യുഎസ് – ഉത്തര കൊറിയ കൂടിക്കാഴ്ച റദ്ദുചെയ്യുമെന്ന ഭീഷണികള്‍ നിലനിൽക്കുന്നതിനിടെയാണു യുഎസ് വൈസ് പ്രസിഡന്റിനെതിരെ ഉത്തര കൊറിയയുടെ പുതിയ പരാമർശം. കൊറിയൻ മാധ്യമമായ കെഎസിഎന്‍എ ന്യൂസ് ഏജൻസിയിലൂടെ ഉത്തര കൊറിയൻ വിദേശകാര്യ ഉപമന്ത്രി ചോ സോൻ ഹു പുറത്തുവിട്ട പ്രസ്താവനയിലാണു മൈക് പെന്‍സിനെതിരെ നിശിത വിമർശനമുന്നയിക്കുന്നത്.

മൈക് പെൻസ് രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് 'ചൂടൻ' രാഷ്ട്രമായ ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. വൈസ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവന വിവരമില്ലാത്തതാണ്. ഇക്കാര്യത്തിൽ എനിക്കുണ്ടായ ആശ്ചര്യം മറച്ചു‌പിടിക്കാൻ സാധിക്കുന്നില്ല– ഉത്തര കൊറിയന്‍ മന്ത്രി പറഞ്ഞു. അമേരിക്കയോട് കളിക്കുന്നത് ഉത്തര കൊറിയ ചെയ്യുന്ന വലിയ തെറ്റാണെന്നു ചാനൽ അഭിമുഖത്തിൽ മൈക് പെൻസ് തുറന്നടിച്ചിരുന്നു. യുഎസുമായി ഒത്തുതീർപ്പുകൾക്കു തയാറായില്ലെങ്കിൽ ലിബിയയുടെ വിധിയായിരിക്കും ഉത്തര കൊറിയയ്ക്കുമെന്നും പെൻസ് വിമർശിച്ചിരുന്നു.

ധിക്കാരപരവും കടി‍ഞ്ഞാണില്ലാത്തതുമാണു പെൻസിന്റെ നിലപാടുകളെന്നു പിന്നാലെ ഉത്തര കൊറിയ തിരിച്ചടിച്ചു. യുഎസ് അധികാരികളുടെ ഭീഷണിക്കു വഴങ്ങിയല്ല ഉത്തര കൊറിയ ചർച്ചയ്ക്കു തയാറാകുന്നതെന്നും ചോ സോൻ ഹു പ്രതികരിച്ചു. യുഎസിനോടു ചർച്ചകൾക്കായി ഇതുവരെ അഭ്യർഥിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങളിലൂടെ ഉത്തര കൊറിയയെ ദ്രോഹിക്കാനാണു പരിപാടിയെങ്കിൽ അടുത്ത മാസം സിംഗപ്പൂരിൽ നടക്കേണ്ട കൂടിക്കാഴ്ചയെക്കുറിച്ചു പുനരാലോചന നടത്തേണ്ടിവരുെമന്നും മന്ത്രി ഭീഷണിപ്പെടുത്തി.

ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ കഴിഞ്ഞ ദിവസം യുഎസിൽ സന്ദർശനം നടത്തിയിരുന്നു. കൊറിയൻ മേഖലയിലെ ആണവ നിരായുധീകരണമുൾപ്പെടെയുള്ള വിഷയങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപും മൂൺ ജെ ഇന്നും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്തിരുന്നു. യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി വൻ ഒരുക്കങ്ങളാണ് ഉത്തര കൊറിയ നടത്തുന്നത്. ഭരണാധികാരി കിം ജോങ് ഇതുമായി ബന്ധപ്പെട്ടു ചൈനയിൽ പലകുറി സന്ദർശനം നടത്തിയിരുന്നു.